“മാപ്പ് പറയില്ല; തമാശകൾക്ക് മാപ്പ് പറയേണ്ട കാര്യമില്ല”: സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസിൽ കുനാൽ കാമ്രയുടെ മറുപടി

single-img
29 January 2021
Kunal Kamra Supreme Court Contempt Notice

സുപ്രീം കോടതിയ്ക്കെതിരായ ട്വീറ്റുകളിൽ മാപ്പ് പറയില്ലെന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്ര (Kunal Kamra). സുപ്രീം കോടതി അയച്ച കോടതിയലക്ഷ്യ നോട്ടീസിനുള്ള മറുപടിയിലാണ് ദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫലിതം മാത്രം ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങൾക്ക് ന്യായീകരണം ആവശ്യമില്ലെന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു.

“ഫലിതത്തിന് ന്യായീകരണം ആവശ്യമില്ല. അത് പൂർണമായും ഹാസ്യകാരൻ്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് തമാശകൾ. തമാശകൾ യാഥാർത്ഥ്യമല്ല. ആണെന്ന അവകാശവുമില്ല.” കുനാൽ തൻ്റെ മറുപടിയിൽ പറഞ്ഞു.

തൻ്റെ ട്വീറ്റുകൾ നീതിപീഠത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ താറടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അർണബ് ഗോസ്വാമിയ്ക്ക് പെട്ടെന്ന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ ട്വിറ്ററിലൂടെ പരിഹസിച്ചതിന് കുനാൽ കാമ്രയ്ക്കെതിരെ എട്ടോളം അഭിഭാഷകരാണ് കുനാലിനെതിരെ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്.

“ഞാൻ പല കോടതികളുടെയും പല വിധികളോടും വിയോജിക്കാറുണ്ട്. പക്ഷേ ഈ ബെഞ്ചിൻ്റെ തീരുമാനമെന്തായാലും ഞാൻ അതിനെ ബഹുമാനിക്കുമെന്നും ഒരു പുഞ്ചിരിയോടെ അത് സ്വീകരിക്കുമെന്നും ഞാൻ ഉറപ്പ് തരുന്നു. ആ തീരുമാനത്തിൻ്റെ പേരിൽ ഞാൻ ഈ ബെഞ്ചിനെതിരെയോ സുപ്രീം കോടതിയ്ക്കെതിരെയോ മോശമായി ഒന്നും പറയില്ല, കാരണം അത് ശരിക്കും കോടതിയലക്ഷ്യമാകും.” കുനാൽ കാമ്ര പറഞ്ഞു.

എന്നാൽ കുനാലിൻ്റെ ട്വീറ്റുകൾ മോശം സ്വഭാവത്തിലുള്ളതായിരുന്നുവെന്നും ഹാസ്യത്തിനും കോടതിയലക്ഷ്യത്തിനുമിടയിലെ അതിർ വരമ്പ് അദ്ദേഹം ലംഘിച്ചുവെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.

“ഈ രാജ്യത്തെ സുപ്രീം കോടതി ഈ രാജ്യത്തെ ‘സുപ്രീം തമാശ’യായി മാറി” എന്നായിരുന്നു കുനാലിൻ്റെ ഒരു ട്വീറ്റ്.

മറ്റു പല പ്രധാനപ്പെട്ട കേസുകളും മാറ്റിവെച്ച് അർണബിൻ്റെ കേസ് പരിഗണിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതിനെതിരെയായിരുന്നു കുനാലിൻ്റെ പ്രധാന വിമർശനം.

ജസ്റ്റിസ് ചന്ദ്രചൂഡ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക്പെട്ടെന്ന് ഷാമ്പെയിൻ എത്തിക്കുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റിനെപ്പോലെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ ഫ്ലൈറ്റിൽ സാധാരണക്കാർക്ക് കയറിയിരിക്കാൻ പോലും കഴിയുമെന്ന് പ്രതീക്ഷയില്ലെന്നും അവർക്ക് ആകെ ലഭിക്കേണ്ടത് നീതിയാണെന്നും കുനാലിൻ്റെ ട്വീറ്റിൽ പരാമർശമുണ്ടായി.

കുനാലിനെക്കൂടാതെ കാർട്ടൂണിസ്റ്റ് രചിത തനേജയ്ക്കെതിരെയും ഇതേവിഷയത്തിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

“No Defence Needed For Jokes”: Standup comedian Kunal Kamra On Supreme Court Contempt Notice