അമേരിക്കയിൽ ആഭ്യന്തര കലാപത്തിന് സാധ്യത; ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്ന് ഭീഷണി; ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
28 January 2021

അമേരിക്കയില്‍ ആഭ്യന്തര കലാപത്തിന് സാധ്യത മുന്നില്‍ കണ്ട് പൂര്‍ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. ജനുവരി 27-ന് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനിലാണ് ടെറർ അലർട്ട് പ്രഖ്യാപിച്ചതായി പറയുന്നത്.

കലാപത്തിന് എന്തെങ്കിലും ശ്രമങ്ങളുണ്ടായതായി വ്യക്തമായ തെളിവുകള്‍ ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജോ ബൈഡന്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷണിയുയര്‍ന്നിട്ടുള്ളതെന്നും ജനുവരി 20 മുതല്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായ ലഹളകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നൂറ്റി അമ്പതില്‍പ്പരം തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു.

സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തുകയാണെങ്കില്‍ ഉടനെ ബന്ധപ്പെട്ടവരെയും പോലീസിനെയോ വിളിച്ചുവിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചിട്ടുണ്ട്.