പാതിരാത്രി കിടപ്പുമുറിയിലേയ്ക്കിടിച്ച് കയറിയത് ചരക്കു ലോറി; ഉറങ്ങിക്കിടന്ന മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
22 January 2021
thrissur lorry accident bedroom

തൃശ്ശൂർ: അർധരാത്രി നിയന്ത്രണം വിട്ട ചരക്കു ലോറി പാഞ്ഞ് കയറിയത് കിടപ്പുമുറിയിലേയ്ക്ക്. ദേശീയപാതയിൽ വഴക്കുംപാറയിൽ കുതിരാൻ കയറ്റത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറിയാണ് വീടിന്റെ കിടപ്പുമുറിതകർത്തത്. റോഡിൽ നിന്ന് തെന്നിമാറി,150 മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണു ലോറി ഇടിച്ചു കയറിയത്.

മുറിയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയും കൊച്ചുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത കമ്പികൾ തകർത്ത ശേഷമാണ് വീടിന്റെ ചുമരുകളും ജനലുകളും തകർത്തു കിടപ്പുമുറിയിലേക്കു ലോറി പാഞ്ഞുകയറിയത്. രാത്രി 11.30 നായിരുന്നു സംഭവം.

മുറിയിൽ ഉറങ്ങുകയായിരുന്ന,മത്തായിയുടെ ഭാര്യ സോഫി (60)കൊച്ചുമകൾ ഇതൾ(6) എന്നിവരുടെ സമീപത്തായി ലോറി ഇടിച്ചുനിന്നു. മുറിയിലുണ്ടായിരുന്ന അലമാര മറിഞ്ഞു വീണെങ്കിലും അലമാരയ്ക്കും കട്ടിളയ്ക്കും ഇടയിൽ ആയതിനാൽ ഇരുവർക്കും സാരമായ പരുക്കേറ്റില്ല.   

ലോറി ഡ്രൈവർ തഞ്ചാവൂർ  സ്വദേശി ഷൺമുഖനു കാലിനു പരുക്കേറ്റു. നാട്ടുകാരും പൊലീസും ഏറെനേരം ശ്രമിച്ചാണു ഷൺമുഖനെ ക്യാബിനിൽ നിന്ന് വെളിയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് ഉരുക്കുപാളികളുമായി എത്തിയതാണ്  ലോറി. വൈദ്യുതി കമ്പികളിൽ ലോറി ഇടിച്ചതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും ഇല്ലാതായി.

Content: Lorry demolished bedroom of house after driver lost control