മദ്യപിച്ച് വാഹനമോടിക്കുന്നവർ ജാഗ്രതൈ: ഇനിമുതൽ ബ്രത്ത് അനലൈസർ നിങ്ങളുടെ ചിത്രമടക്കം രേഖപ്പെടുത്തും

single-img
20 January 2021
breath analyser alcometer with camera

മദ്യപിച്ച് വാഹനമോടിക്കുന്നവർ ഇനിമുതൽ സൂക്ഷിക്കുക. നിങ്ങളുടെ ചിത്രമടക്കം രേഖപ്പെടുത്തുന്ന അത്യാധുനിക ബ്രത്ത് അനലൈസറു(ആൽക്കോമീറ്റർ)മായാകും പൊലീസ് ഇനിമുതൽ നിങ്ങളെ കാത്തുനിൽക്കുക. ഇൻ ബിൽട്ട് ആയി ക്യാമറയും പ്രിൻ്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രത്ത് അനലൈസറുകൾ (Alcometer with inbuilt printer and camera) നിലവിൽ പരീക്ഷണഘട്ടത്തിലാണ്.

കുറഞ്ഞത് 4 മെഗാപിക്സൽ ശേഷിയുള്ള വൈഡ് ആംഗിൾ ക്യാമറയാകും പുതിയതരം ബ്രത്ത് അനലൈസറിൽ ഉണ്ടാകുക. ആൽക്കോമീറ്ററിലേയ്ക്ക് ഊതുമ്പോൾ ഉച്ഛ്വാസവായു പരിശോധിക്കുന്നതിനോടൊപ്പം തന്നെ അത് നിങ്ങളുടെ ചിത്രവും പകർത്തും. കൂടാതെ യന്ത്രത്തിലെ ജിപിഎസ് സംവിധാനം നിങ്ങളുടെ ലൊക്കേഷനും രേഖപ്പെടുത്തും.

രക്തത്തിലെ ആൽക്കഹോളിൻ്റെ അളവി(mg/100 ml)നൊപ്പം ഉപകരണത്തിൻ്റെ സീരിയൽ നമ്പർ, ടെസ്റ്റ് നറ്റത്തിയ തീയതിയും സമയവും, ഡ്രൈവറുടെ പേര്, ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ലൊക്കേഷൻ, ടെസ്റ്റ് നടത്തിയ ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങിയ രസീത് ആയിരിക്കും ഉപകരണത്തിലെ ത്രെമൽ പ്രിൻ്റർ വഴി ലഭിക്കുക.

ഡ്രൈവറുടെ ചിത്രമടക്കം എല്ലാ രേഖകളും ഫയൽ ആയി ഉപകരണത്തിൻ്റെ മെമ്മറി കാർഡിൽ രേഖപ്പെടുത്തും. 64 ജിബി ശേഷിയുള്ള മെമ്മറി കാർഡിൽ 30,000 പേരുടെ ടെസ്റ്റ് വിവരങ്ങൾ ശേഖരിച്ച് വെയ്ക്കാൻ കഴിയും. ഈ വിവരങ്ങൾ പിന്നീട് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റുവാനും സാധിക്കും.

നിലവിൽ 56 ഉപകരണങ്ങൾക്കാണ് പൊലീസ് വകുപ്പ് ടെൻഡർ വിളിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഉദ്ദേശിക്കുന്ന ചെലവ്. ടെൻഡർ സമർപ്പിച്ച കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിൽ ഏറ്റവും സെൻസിറ്റിവ് ആയ ഉപകരണമാകും തെരെഞ്ഞെടുക്കുക. ഇതിനായുള്ള ടെസ്റ്റുകൾ നടക്കുകയാണ്.

Content: Kerala Police to introduce Breath analysers with inbuilt camera