മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മൽസരിച്ചേക്കും; പച്ചക്കൊടിയുമായി ഹൈക്കമാൻഡ്


വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മൽസരിക്കാനുള്ള താൽപ്പര്യം മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചുവെന്നും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നും മനോരമ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രൻ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നും ഗ്രൂപ്പ് സമവാക്യങ്ങളെക്കാള്‍ കൂട്ടായ നേതൃത്വമാണ് പുതിയ കമ്മിറ്റിയെന്നും കെ മുരളീധരന്‍ എംപി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ പ്രാധാന്യം കുറയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുല്ലപ്പള്ളി മൽസരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടുമായി കെ സുധാകരൻ എംപിയും രംഗത്തെത്തി. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കിയ ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ആത്മവിശ്വാസം പകരുന്നതാണെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം, കെപിസിസി അധ്യക്ഷപദവിയ്ക്ക് മോഹമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപിച്ചാൽ ഉത്തരവാദിത്തമേൽക്കും. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നതരത്തിൽ ഫ്ലക്സ് ബോർഡുകളും മറ്റുമായി അണികൾ രംഗത്തെത്തിയിരുന്നു.
Content: Kerala Assembly Elections: Mullappally Ramachandran may contest from Kalpetta