ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു; ‘താണ്ഡവ്’ നിർമാതാക്കൾക്കെതിരെ കേസ്; അറസ്റ്റ് മുന്നറിയിപ്പ് നല്‍കി യോഗിയുടെ ഉപദേഷ്ടാവ്

single-img
18 January 2021

‘താണ്ഡവ്’ വെബ്സീരീസിന്റെ നിർമാതാക്കൾക്കെതിരെ കേസ് എടുത്ത് യുപി പൊലീസ്. ആമസോൺ പ്രൈമിലെ വെബ്‌സീരീസായ താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയാണ് പരാതി നൽകിയിരിക്കുന്നത്.

ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി, മതസ്പർധ ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വെബ്സീരീസിന്റെ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ആമസോൺ ഇന്ത്യ ഒർജിനൽ കൺഡന്റ് തലവൻ എന്നിവർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചു. ‘ ജനങ്ങളുടെ വികാരങ്ങൾ വച്ചു കളിക്കുന്നത് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ വെച്ചുപൊറുപ്പിക്കില്ല. വിദ്വേഷം പരത്തുന്നതരം വെബ്സീരീസായ താണ്ഡവിന്റെ മുഴുവൻ ടീമിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനായി തയ്യാറെടുക്കുക.’ – ത്രിപാഠി ട്വിറ്ററിൽ കുറിച്ചു.

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിപ്രകാരം വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡിൽ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു

താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതിയിരുന്നു. ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തെന്നു കൊട്ടക് ആരോപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവമുള്ളതിനാൽ ഹിന്ദു വികാരങ്ങൾ ആവർത്തിച്ച് ആക്രമിക്കപ്പെടുകയാണ്. ഒടിടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.