യുപിയിലെ ആദ്യത്തെ “ലവ് ജിഹാദ് കേസ്”: പ്രതിയ്ക്കെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

single-img
7 January 2021
up love jihad case allahabad highcourt

അലഹബാദ്: ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ കുപ്രസിദ്ധമായ മതപരിവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ പ്രതിയായ മുസ്ലീം യുവാവിനെതിരെ കുറ്റം ചുമത്താൻ പാകത്തിനുള്ള തെളിവുകളൊന്നുമില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. നദീം(Nadeem) എന്ന 32 വയസുകാരനെതിരെയാണ് ഇക്കഴിഞ്ഞ നവംബർ 29-ന് പൊലീസ് കേസെടുത്തത്.

യുപി നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ് (UP Prohibition of Unlawful Conversion of Religion Ordinance 2020) പ്രകാരമുള്ള കുറ്റം നദീം ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയതായി സംസ്ഥാന ജോയിൻ്റ് പ്രോസിക്യൂഷൻ ഡയറക്ടർ അവദേശ് പാണ്ഡേ(Awadhesh Pandey) അലഹബാദ് ഹൈക്കോടതി(Allahabad High Court)യിൽ നൽകിയ ആറു പേജുകളുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.

മുസാഫർനഗർ സ്വദേശിയായ അക്ഷയ് കുമാർ ത്യാഗി(Akshay Kumar Tyagi) എന്നയാളുടെ പരാതിയിലാണ് നദീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ലേബർ കോണ്ട്രാക്ടർ ആയി ജോലി ചെയ്യുകയാണ് അക്ഷയ് ത്യാഗി. തൻ്റെ ഭാര്യ പാരുൾ എന്ന സ്ത്രീയെ നദീം പ്രണയിച്ച് “വലയിലാക്കാനും” മതപരിവർത്തനം നടത്താനും ശ്രമിച്ചെന്നായിരുന്നു പരാതി. ഭാര്യയെ വലയിലാക്കാൻ നദീം അവർക്ക് ഒരു സ്മാർട്ട്ഫോൺ സമ്മാനമായി നൽകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തുവെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.

എന്നാൽ ഈ പരാതിയിൽപ്പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നാരോപിച്ച് എഫ് ഐ ആർ റദ്ദാക്കുന്നതിനായി നദീം അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. നദീമിൻ്റെ ഹർജി പരിഗണിച്ച കോടതി കേസിൻ്റെ അടുത്ത അവധിവരെ നദീമിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.

ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് സർക്കാർ നദീമിനെതിരായി തെളിവൊന്നുമില്ലെന്ന് സത്യവാങ്മൂലം നൽകിയത്.

നദീമിന് പാരുളുമായി അവിഹിതബന്ധമുണ്ടെന്നതിനോ അവരെ മതപരിവർത്തനം നടത്താൻ നദീം ശ്രമിച്ചെന്നതിനോ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ നദീം അക്ഷ്യ ത്യാഗിയെ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 506 പ്രകാരമുള്ള നിയമനടപടികൾ തുടരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

കേസിലെ ഇരയും പ്രതിയും മുതിർന്ന വ്യക്തികളാണെന്നും അവർക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും ഇത്തരമൊരു ബന്ധത്തിൻ്റെ വരുംവരായ്കകകൾ മനസിലാക്കാനുള്ള പക്വതയുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. കേസ് ജനുവരി 15 വരെ നീട്ടിവെച്ച കോടതി നദീമിൻ്റെ അറസ്റ്റിനുള്ള വിലക്കും നീട്ടിയിട്ടുണ്ട്.

Content: No Proof Against Muslim Man Accused In Forced Conversion Cas: UP Police in Allahabad High Court