കെ സുരേന്ദ്രന് കോവിഡ്; കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു പോരായ്മ ഉടൻ പരിഹരിക്കണം; മുന്നറിയിപ്പുമായി കേന്ദ്രം

single-img
7 January 2021

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

വാക്സീന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. വാക്സിൻ വിതരണ നടപടികൾക്ക് മുന്നോടിയായി വീഡിയോ കോൺഫറൻസ് വഴി ഹർഷവർധൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വാക്സിൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൂനെയിലെ സെൻട്രൽ ഹബ്ബിൽ നിന്ന്, രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് വ്യോമമാർഗം വാക്സിൻ വിതരണം വൈകാതെ ആരംഭിക്കും. യാത്രാ വിമാനങ്ങളിലാണ് വാക്സിനുകൾ എത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിതരണത്തിന് മുന്നോടിയായി ഹരിയാന, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റൺ നടക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാളെത്തെ ഡ്രൈ റൺ, വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കും എന്നായിരിക്കും പരിശോധിക്കുക.