മറ്റുവഴികളില്ലാതെ തോൽവി സമ്മതിച്ച് ട്രമ്പ്; ഈ മാസം ഇരുപതിന് ഓഫീസ് വിടും
നാലുപേരുടെ മരണത്തിനിടയാക്കിയ കലാപത്തിനും ശേഷം തോൽവി സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്(Donald Trump). ഇലക്ടറൽ കോളജിൽ വിജയിച്ച ജോ ബൈഡന് (Joe Biden) അധികാരം കൈമാറുമെന്നും ജനുവരി ഇരുപതിന് ഓഫീസ് വിടുമെന്നും ട്രമ്പ് പ്രഖ്യാപിച്ചതായി അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
” ഈ തെരെഞ്ഞെടുപ്പിൻ്റെ മൊത്തം ഫലത്തോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. വസ്തുതകൾ എൻ്റെ വാദത്തെ ശരിവെയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ജനുവരി 20-ന് അധികാരക്കൈമാറ്റം ഉണ്ടാകും,” ട്രമ്പ് തൻ്റെ പ്രസ്താവനയിൽ അറിയിച്ചു.
“നിയമപരമായ വോട്ടുകൾ മാത്രമേ എണ്ണുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനുള്ള പോരാട്ടം നാം തുടരുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. പ്രസിഡൻഷ്യൽ ചരിത്രത്തിലെ ഏറ്റവും മഹത്തായ ആദ്യത്തെ ഊഴം അവസാനിക്കുകയാണെങ്കിലും ഇത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിനുള്ള നമ്മുടെ പോരാട്ടത്തിൻ്റെ ആരംഭം മാത്രമായിരിക്കും.” ട്രമ്പ് പറഞ്ഞു.
ഇതുവരെയും പരാജയം സമ്മതിക്കാതിരുന്ന ട്രമ്പ് സമൂഹമാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും നടത്തിയ വ്യാജപ്രചാരണങ്ങൾ ട്രമ്പനുകൂലികളെ അക്രമാസക്തരാക്കുകയും വാഷിംഗ്ടണ്ണിലെ യു എസ് ക്യാപ്പിറ്റോൾ(US Capitol) മന്ദിരം ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണൽ തടയുന്നതിനാണ് ട്രമ്പനുകൂലികൾ അവിടെ എത്തിയത്. നാലുപേർക്കാണ് ഈ കലാപത്തിൽ ജീവൻ നഷ്ടമായത്.
Content: Trump concedes defeat, pledges ‘orderly’ transition