കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു; ആരോപണവുമായി റോബര്‍ട്ട് വദ്ര

single-img
6 January 2021

നരേന്ദ്ര മോദിയുടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി റോബര്‍ട്ട് വദ്ര. കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് വദ്ര പറഞ്ഞു. ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിമര്‍ശനവുമായി വദ്ര രംഗത്തെത്തിയത്.

കേന്ദ്രസര്‍ക്കാര്‍ അതിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച എട്ട് മണിക്കൂര്‍ വദ്രയെ ചോദ്യം ചെയ്തത്. ‘ഞാന്‍ വിവിധ ഏജന്‍സികള്‍ക്ക് 2,300 ഓളം രേഖകള്‍ നല്‍കിയിട്ടുണ്ട്. 13 തവണ ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലേക്ക് പോയിട്ടുണ്ട്. അവര്‍ എന്നോട് ഒരേ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുന്നു, എല്ലാ ഉത്തരങ്ങളും റെക്കോര്‍ഡുചെയ്യുന്നു’, റോബര്‍ട്ട് വദ്ര പറഞ്ഞു.