നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം; ഇബ്രാഹിംകുഞ്ഞിനോട് ഹൈകോടതി

single-img
6 January 2021

യുഡിഎഫ് മന്ത്രിസസയിലെ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമർശനവുമായി കേരളാ ഹൈക്കോടതി. ഇബ്രാഹിം കുഞ്ഞിന് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു.

ഇന്ന് ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. സംസ്ഥാന മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. വിജിലൻസ് കോടതിയിലാണ് ഇബ്രാഹിം കുഞ്ഞ് ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ വിമർശനം ഉണ്ടായത്.

പ്രസ്തുത ഹർജി പരിഗണിക്കവെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. ഈ സമയത്താണ് കോടതി വിമർശനം ഉന്നയിച്ചത്. നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതിവിമർശിക്കുകയായിരുന്നു.