ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; പിണറായിയുടെ സഹകരണമില്ലായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകില്ലായിരുന്നുവെന്ന് പെട്രോളിയം മന്ത്രി

single-img
5 January 2021
Kochi-Mangaluru GAIL Pipeline

കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിൽ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഗെയിൽ(GAIL-Gas Authority of India Ltd) കൊച്ചി- മംഗളൂരു പ്രകൃതിവാതക(Kochi-Mangaluru natural gas pipeline)പദ്ധതിയാണിത്.

കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Narendra Modi) പറഞ്ഞു. ഗ്യാസ് ലൈൻ പദ്ധതി യഥാർത്ഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തിൽ ​​ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നി‍ർണായകമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതി സൗ​ഹൃദവും ചെലവ് കുറഞ്ഞതുമായ സിഎൻജി ​ഗ്യാസിൻ്റെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ​ഗാ‍ർഹിക ആവശ്യത്തിനുള്ള ​ഗ്യാസും കുറഞ്ഞ നിലയിൽ ലഭ്യമാവും. സിറ്റി ​ഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും ​സിഎൻജി ​ഗ്യാസ് എത്തിയാൽ പിന്നെ കൂടുതൽ വാഹനങ്ങൾ സിഎൻജി ഇന്ധനത്തിലേക്ക് മാറും. ഏതു തരത്തിൽ നോക്കിയാലും ജനങ്ങൾളും വ്യവസായങ്ങൾക്കും വലിയ നേട്ടമാണ് ഈ പദ്ധതി. കാ‍ർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ (Kerala CM Pinarayi Vijayan) സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍(Dharmendra Pradhan) പറഞ്ഞു. ഇത് ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു.

ഗെയില്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സര്‍ക്കാര്‍ വാക്കുപാലിച്ചെന്നും സംയുക്തസംരംഭം ഫലം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

Content: PM Modi Inaugurated Kochi-Mangaluru GAIL Pipeline; Kerala CM gets special mention for his crucial role