നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാൻ ശ്രമം; യുവാവ് പോലീസ് കസ്റ്റഡിയില്‍

single-img
4 January 2021

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അർദ്ധരാതിയിൽ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ മാനസികരോഗിയാണെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ‘കഴിഞ്ഞ ദിവസം രാത്രി യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു.

ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസിനെ വിളിക്കുകയായിരുന്നു’ കൃഷ്ണകുമാര്‍ പറഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ പോലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാര്‍ വ്യക്തമാക്കി.

യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടന്‍ പറഞ്ഞു.