നെഹ്‌റു എഴുന്നേറ്റ് വന്ന് തന്നെ അടിക്കുമോ എന്ന് ഓര്‍ത്ത ഇന്നസെന്റ്; പാര്‍ ലമെന്റ് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു

single-img
1 January 2021

സിനിമയില്‍ നിന്നും ആദ്യമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം രാജ്യത്തിന്റെ പാര്‍ലമെന്റിനകത്ത് തനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കുകയാണ് ഇന്നസെന്റ്. പാര്‍ലമെന്റിനകത്ത് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവൊക്കെ ഇരുന്നിട്ടുള്ള സ്ഥലത്തൊക്കെ താന്‍ ചെന്ന് നില്‍ക്കുമായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു.

ഇതേവരെ ഒരിക്കലും രാഷ്ട്രീയപ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാന്‍ താങ്കളുടെ അടുത്തൊക്കെ എത്തീ എന്ന് മനസ്സില്‍ നെഹ്‌റുവിനോട് പറയാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു. “ചില സമയങ്ങളില്‍ ഒറ്റയ്ക്ക് നിന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ബിജുവും രാജേഷും ശ്രീമതി ടീച്ചറുമെല്ലാം ചോദിക്കും എന്തിനാണ് ചിരിക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഈ കസേരയിലെങ്ങാനും ആയിരിക്കും നെഹ്‌റു ഇരുന്നിരുന്നതെന്ന്. അദ്ദേഹത്തിന്റെ ഏകദേശം അടുത്ത് ഞാനും എത്തി. അതും ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെയെന്ന്. നെഹ്‌റു എഴുന്നേറ്റ് വന്ന് എന്നെ അടിക്കുമോ എന്നോര്‍ത്താണ് ഞാന്‍ ചിരിച്ചതെന്നും അവരോട് പറയും. അപ്പോള്‍ അവരും ചിരിക്കും.”- ഇന്നസെന്റ് പറയുന്നു.

അതേപോലെ തന്നെ തന്റെ വീടിന് മുമ്പില്‍ ആരെങ്കിലും സത്യാഗ്രഹം നടത്തണമെന്ന് ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹമായിരുന്നുവെന്നും അതും തെരഞ്ഞെടുപ്പില്‍ എം.പിയായതിന് ശേഷം സാധിച്ചുവെന്നും ഇന്നസെന്റ് രസകരമായി പറയുന്നു. എം പിയായിരിക്കുമ്പോള്‍ ഒരിക്കല്‍ താന്‍ പറഞ്ഞ ഒരു അഭിപ്രായം സ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ജാഥ വന്നുവെന്നും എന്നാല്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ അത് നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്നസെന്റ് പറയുന്നത്.

Content: Actor turned MP innocent shares his parliament memories