കേന്ദ്രകാർഷിക നിയമത്തിനെതിരായ പ്രമേയം പിന്തുണച്ച് ഒ രാജഗോപാൽ; വെട്ടിലായി ബിജെപി

single-img
31 December 2020
BJP MLA O Rajagopal supports resolution against farm laws

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമം(Farm Law) പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കേരള നിയമസഭയിലെ പ്രമേയത്തെ താൻ അനുകൂലിക്കുന്നുവെന്ന് ഏക ബിജെപി(BJP) സാമാജികനായ ഒ രാജഗോപാൽ(O Rajagopal). മുതിർന്ന നേതാവായ രാജഗോപാലിന്റെ ഈ നീക്കം ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.

പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബിജെപി അംഗം ഒ രാജഗോപാൽ നിയമസഭയിലുണ്ടായിരുന്നിട്ടും എതിർത്തിരുന്നില്ല. നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞപ്പോഴും ബിജെപി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പ്രമേയത്തെ അനുകൂലിക്കുന്നതുകൊണ്ടാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു.

കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നും രാജഗോപാല്‍ പ്രതികരിച്ചു.

“പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം.” രാജഗോപാൽ പറഞ്ഞു.

ഒ രാജഗോപാല്‍പോലും വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്ന് ഐക്യകണ്‌ഠേനെ പ്രമേയം നിയസഭ പാസാക്കുകയായിരുന്നു. പ്രമേയത്തില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച മൂന്ന് നിര്‍ദ്ദേശങ്ങളില്‍ രണ്ടെണ്ണവും തള്ളി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്നും പേരെടുത്ത് വിമര്‍ശിക്കേണ്ടതില്ലെന്നും ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭേദഗതി തള്ളിയത്.

പ്രമേയം പാസാക്കുന്നതിന് സഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അനുവദിക്കാത്ത ഗവര്‍ണര്‍ക്കുനേരെ സര്‍ക്കാര്‍ തണുത്ത നിലപാട് സ്വീകരിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരിന്റെ എതിര്‍പ്പ് ആദ്യംമുതല്‍ തന്നെ ഗവര്‍ണറെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ഗവര്‍ണറുടെ കാലുപിടിച്ചുവെന്ന പരാമര്‍ശം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഗവര്‍ണര്‍ അനുമതി നല്‍കുമെന്നാണ് കരുതിയത്. നിയമസഭ വിളിച്ചുചേര്‍ക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Content: BJP MLA O Rajagopal supports resolution against farm laws in Kerala Assembly; Kerala BJP in crisis