നിലപാടിലുറച്ച് കര്‍ഷകര്‍; കേന്ദ്രവുമായുള്ള അഞ്ചാം ചർച്ചയും പരാജയം

single-img
30 December 2020

കാര്‍ഷിക നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രക്ഷോഭം കർഷക സംഘടനകളും നടത്തിയ അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങൾ ഒരു കാരണത്താലും പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചതോടെയാണ് ഇന്നത്തെ ചർച്ച പരാജയമായത്.

അതേസമയം, വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് എന്നിവ നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്‍പില്‍ വെച്ചു. അപ്പോഴും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല.

നിലവില്‍ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പഠിച്ച ശേഷം ജനുവരി 4 ന് വീണ്ടും ചർച്ചക്കെത്താം എന്നാണ് കർഷക സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്. ഈ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്. കര്‍ഷകരെ പ്രതിനിധീകരിച്ച് 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.