തിരുത്തിൽ നടപടിക്കൾക്കാരംഭം; തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ യു.ഡി.എഫ് യോഗം ഇന്ന്

single-img
19 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന്. കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗും ആര്‍.എസ്.പിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്താനുളള തീരുമാനം യുഡിഎഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദൽ ജാഥയും ആലോചിക്കും. 

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയിൽ തിരുത്തിൽ നടപടികൾ ആരംഭിച്ചു. രാവിലെ കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രൻ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തിൽ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറൽ സെക്രട്ടറിമാർ ജില്ലകളുടെ അവലോകന റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്. 

അതേ സമയം രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരണമെന്നാണ് ലീഗും ആര്‍.എസ്.പിയും അടക്കം ആഗ്രഹിക്കുന്നത്. ഈ നിര്‍ദ്ദേശം അവര്‍ പരസ്യമായല്ലെങ്കിലും മുന്നോട്ട് വെച്ചേക്കുമെന്ന് അറിയുന്നു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ഭരണം പിടിക്കാനാവില്ലെന്ന സൂചന അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. യു.ഡി.എഫിന്റെ എല്ലാകാലത്തെയും വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷവോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് ഒഴുകിപ്പോയി. മധ്യതിരുവിതാംകൂറിലാണ് അത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്നതിനോട് ലീഗിന് ഒട്ടും യോജിപ്പില്ലായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് കഴിഞ്ഞതവണ കെ.എം മാണിയേയും കേരളാ കോണ്‍ഗ്രസിനേയും യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവന്നത്.