കയ്ച്ചിട്ട് ഇറക്കാനും വയ്യ, തുപ്പിയാല്‍ മുതലാളി കോപം വരുത്തി വച്ച് നാട്ടില്‍ ജീവിക്കാനും വയ്യാത്ത അവസ്ഥ; ആധുനിക രീതിയില്‍ കിഴക്കമ്പലത്തുകാരെ അടിമകളാക്കുന്ന ട്വന്റി 20

single-img
19 December 2020

ലോകത്തിലാദ്യമായിട്ടയിരിക്കാം ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ജനാധിപത്യ രീതിയിലൂടെ ഒരു പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നത്. രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് വലിയ ഒരു നവോത്ഥാനത്തിലേക്ക് കിഴക്കമ്പലത്തെ ജനത ഉയര്‍ന്നു എന്നതാണ് ട്വന്റി 20യുടെ പ്രധാന തള്ള്.

എന്നാല്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്കാണ് കിഴക്കമ്പലം വീണത് എന്നതാണ് യഥാര്‍ത്ഥ വസ്തുത. രാഷ്ട്രീയ അടിമകള്‍ എന്ന് കരുതിയിരുന്നവര്‍ യഥാര്‍ഥത്തില്‍ ആ പ്രദേശത്തെ കമ്പനികളുടെ അടിമകളായതിനെക്കുറിച്ച് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വിവരിക്കുകയാണ് അഭിലാഷ് മാന്നാർ

അഭിലാഷ് മാന്നാറിന്റെ ഫേസ്ബുക്ക്ക്കുറിപ്പിന്റെ പൂർണ്ണരൂപം :

ആധുനിക രീതിയില്‍ കിഴക്കമ്പലത്തുകാരെ അടിമകളാക്കുന്ന ട്വന്റി 20…

കിഴക്കമ്പലം ട്വന്റി 20യെക്കുറിച്ച് എഴുതിയപ്പോള്‍ ക്യാപ്സ്യൂള്‍ ആണെന്നും ദിവസക്കൂലി ആണെന്നും ഒരു സ്‌കോളര്‍ ഇങ്ങനെ എഴുതാമോ എന്നുമൊക്കെ ചോദിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ലോകത്തിലാദ്യമായിട്ടയിരിക്കാം ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ജനാധിപത്യ രീതിയിലൂടെ ഒരു പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നത് അതുകൊണ്ട് തന്നെ ഞാന്‍ 2015 മുതല്‍ കിഴക്കമ്പലം ട്വന്റി 20യില്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന് ഫോളോ ചെയ്തിരുന്നു.

കെജ്രിവാളിന്റെ വെല്‍ഫയര്‍ പൊളിറ്റിക്‌സിന്റെ ഒരു ആരാധകന്‍ കൂടി ആയതുകൊണ്ട് ഡല്‍ഹിയിലും കിഴക്കമ്പലത്തും എന്ത് നടക്കുന്നു എന്ന് ഫോളോ ചെയ്യാറുണ്ട് അതുകൊണ്ട് തന്നെ രണ്ടും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല എന്താണ് കിഴക്കമ്പലത്ത് നടക്കുന്നത് എന്നതിനെക്കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ വരെ വന്നിട്ടുണ്ട്, പക്ഷെ രാഷ്ട്രീയത്തെ ഒരു അക്കാദമിക് കണ്ണിലൂടെ നോക്കിക്കാണാന്‍ താല്‍പ്പര്യമില്ലാത്ത കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇതൊന്നും വായിച്ചിരിക്കാന്‍ സാധ്യതയില്ല.


ആധുനിക ജന്മിത്വം….!

കേരളത്തിലെ 941 പഞ്ചാത്തുകളില്‍ നിന്ന് വ്യത്യസ്ഥമായി കിഴക്കമ്പലം പഞ്ചായത്തിന്റെ രാഷ്ട്രീയത്തിന് എന്താണ് പ്രത്യേകത? എല്ലാ പഞ്ചായത്തുകളിലും ഗ്രേഡിന്റെയും നികുതി വരുമാനത്തിന്റേയും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതത്തിന്റേയും അടിസ്ഥാനത്തില്‍ നടക്കുന്നതിനേക്കാള്‍ എന്ത് കാര്യമാണ് കിഴക്കമ്പലത്ത് നടക്കുന്നത്? അതെങ്ങനെ സാധിക്കുന്നു … ?

CSR ഫണ്ട്, (Corporate Social Responsibility) മാത്രമാണ് അവിടത്തെ പുതുമ. എന്താണ് CSR ഫണ്ട് എന്ന് അറിയണം. കമ്പനി നിയമപ്രകാരം നടപ്പു വര്‍ഷത്തില്‍ 500 കോടി ആസ്തിയോ 1000 കോടി വരുമാനമോ, 5 കോടി ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ട് ശതമാനം നിര്‍ബന്ധമായും സാമൂഹിക താത്പര്യങ്ങള്‍ക്കായി ചെലവാക്കണം.

ടാറ്റ നിയമം വരുന്നതിനും മുന്‍പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മാരുതിയും, റിലയന്‍സും ഒക്കെ പല ടൗണ്‍ഷിപ്പുകളും, ആതുര പ്രവര്‍ത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായി ചെയ്യുന്നുണ്ട്. അതുപോലെ കിറ്റക്‌സ് കമ്പനിയുടെ സി.എസ്.ആര്‍ നിര്‍വഹണത്തിനായി രൂപം നല്‍കിയ സംവിധാനമാണ് ട്വന്റി 20 എന്ന് കമ്പനിയുടെ മാനേജ്‌മെന്റ് തന്നെ പറയുന്നുണ്ട്.


CSRഫണ്ട് കൃത്യമായി വിനിയോഗിച്ചത് മാത്രമല്ല, അതിനെക്കുറിച്ചുള്ള പബ്ലിസിറ്റി തള്ളല്‍ കാരണം നിരവധി സംഘടനകളെയും സമൂഹത്തില്‍ നിന്നുള്ള അറിയപ്പെടുന്ന വ്യക്തികളെയും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി, ഡൊണേഷനുകള്‍ വന്നു, അന്ന- കിറ്റക്‌സ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംഗീകാരം കൂടുതല്‍ വളര്‍ന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ അത് പ്രതിഫലിക്കുകയും ചെയ്തു എന്ന് കിറ്റക്‌സ് ഷെയര്‍ വാങ്ങിയവര്‍ക്ക് അറിയാമെന്നു വിചാരിക്കുന്നു.

2015 ലെ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ വിജയത്തിന് ഏതാണ്ട് സമാന്തരമായി, കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരി വിപണി മൂല്യനിര്‍ണ്ണയം വളര്‍ന്നു. ഈ കാലയളവില്‍, ട്വന്റി 20 യുടെ നേതാവായിരുന്ന കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആദ്യമായി സമ്പന്നരായ കേരളീയരുടെ പട്ടികയില്‍ പ്രവേശിച്ചു.

ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റിത്തീര്‍ക്കും എന്ന് വാഗ്ദാനം നല്‍കിയ ഭരണസമിതിയ്ക്ക്, ഒരു സര്‍ക്കാര്‍ തദ്ദേശ ഭരണത്തിന് നല്‍കാനുള്ള പകുതി തുക പോലും ചിലവഴിക്കാന്‍ ഒരു സാമ്പത്തിക വര്‍ഷവും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കിഴക്കമ്പലത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്താക്കാന്‍ പോയിട്ട് എറണാകുളം ജില്ലയിലെ പോലും ആദ്യസ്ഥാനങ്ങളുടെ അരികത്ത് മത്സരിക്കാന്‍ പോലും പഞ്ചായത്ത് ഭരണകൂടത്തിന് കഴിഞ്ഞില്ല.

എറണാകുളം ജില്ലയിലെ എണ്‍പത്തിയേഴ് പഞ്ചായത്തുകളില്‍ ഫണ്ട് വിനിയോഗത്തിന്റെയും പദ്ധതി നടപ്പിലാക്കലിന്റെയും കാര്യത്തില്‍ 2019-ലെ കണക്കനുസരിച്ച്, ഗ്രേഡിങ്ങ് അനുസരിച്ച് അന്‍പത്തിയൊന്നാം സ്ഥാനത്താണ് കിഴക്കമ്പലം പഞ്ചായത്ത്. മുഴുവന്‍ പദ്ധതി വിഹിതത്തിന്റെ അന്‍പത്തിരണ്ട് ശതമാനം മാത്രമാണ് കിഴക്കമ്പലത്ത് ചില വഴിക്കാന്‍ കഴിഞ്ഞത്.

രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് വലിയ ഒരു നവോത്ഥാനത്തിലേക്ക് കിഴക്കമ്പലത്തെ ജനത ഉയര്‍ന്നു എന്നതാണ് ട്വന്റി 20യുടെ പ്രധാന തള്ള്. എന്നാല്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്കാണ് കിഴക്കമ്പലം വീണത് എന്നതാണ് യഥാര്‍ത്ഥ വസ്തുത. രാഷ്ട്രീയ അടിമകള്‍ എന്ന് കരുതിയിരുന്നവര്‍ യഥാര്‍ഥത്തില്‍ ആ പ്രദേശത്തെ കമ്പനികളുടെ അടിമകളായി ‘യഥാര്‍ഥ അടിമത്വം’ അനുഭവിക്കുന്നുണ്ട്….

ട്വന്റി 20യുടെ പതിനേഴ് പഞ്ചായത്ത് അംഗങ്ങളും, പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അല്ല, മറിച്ച് കമ്പനികളുടെ തൊഴിലാളികള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. ഒരു പഞ്ചായത്ത് അംഗത്തിന് കമ്പനി നല്‍കുന്നത് പതിനയ്യായിരം രൂപ മാസ ശമ്പളമാണ്. പ്രസിഡന്റിന് നല്‍കുന്നത് ഇരുപത്തയ്യായിരം രൂപ പ്രതിമാസ ശമ്പളം. ജനപ്രതിനിധികളുടെ അലവന്‍സിന് പുറമേ അവര്‍ക്ക് ശമ്പളം ലഭിക്കുന്ന ഏക പഞ്ചായത്ത് കിഴക്കമ്പലമാണ്. ജനപ്രതിനിധികള്‍ മറ്റ് ആനുകൂല്യം വാങ്ങുകയോ, ഭീതിയോ, വിദ്വേഷമോ, വിധേയത്വമോ കൂടാതെ സേവനം ചെയ്യണമെന്ന സത്യപ്രതിജ്ഞയുടെ ലംഘനം തന്നെയാണിത്. തങ്ങളുടെ ശമ്പളക്കാരായാണ് ജനപ്രതിനിധികളെ ട്വന്റി20 കാണുന്നത് എന്ന് ചുരുക്കം.

ജനാധിപത്യത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത അടിമത്വമാണ്, അര്‍ഹതപ്പെട്ട പഞ്ചായത്ത് ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങള്‍ അനുഭവിച്ചു പോരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ ഒരു അനുഭാവിക്കുമേല്‍ അടിച്ചേല്‍പ്പിക്കാത്ത നിയന്ത്രണങ്ങളാണ് കമ്പനി അധികാരി ചുമത്തുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയ്ക്ക് പോകരുത്, എന്നാല്‍ തങ്ങള്‍ വിളിക്കുന്ന പരിപാടികളില്‍ ഉണ്ടാവണം. ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകളുമായി ചങ്ങാത്തം പോലും പാടില്ല, അവരുടെ വിവാഹങ്ങളില്‍ പോലും പങ്കെടുത്തുകൂടാ, അവരെ ക്ഷണിച്ചും കൂട..

കേട്ടാല്‍ പോലും വിശ്വസിക്കാന്‍ തോന്നാത്ത കാര്യങ്ങളാണ് ട്വന്റി20 യുടെ ജനപ്രതിനിധികള്‍ പോലും പങ്കുവയ്ക്കുന്നത്. ഒരു ട്വന്റി 20 ജനപ്രതിനിധിയുടെ മകളുടെ വിവാഹത്തിന് ട്വന്റി 20 മുതലാളി എത്തുമ്പോള്‍ ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ പന്തലില്‍ ഉണ്ടായിരുന്നതിന്, ആ പഞ്ചായത്ത് അംഗത്തെ പുറത്താക്കാന്‍ വരെ കാരണമായി. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വരെ മുതലാളിയോട് അനുമതി വാങ്ങേണ്ട ഗതികേട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ജനപ്രതിനിധിയ്ക്ക് ഉണ്ടാവുമോ? എന്നാലതും ഉണ്ട്.

പഞ്ചായത്ത് കമ്മറ്റി കൂടുന്നത് കമ്പനി ഓഫീസിലാണ്. എവിടെ എന്ത് നടക്കണമെന്ന് ട്വന്റി 20 മുതലാളി നിശ്ചയിക്കും. ഏത് റോഡ് നിര്‍മ്മിക്കണം. എവിടെ എന്ത് പണിയണം എന്നൊക്കെ മുതലാളി പറയും. പഞ്ചായത്ത് റോഡൊക്കെ മുതലാളി വാങ്ങിക്കൂട്ടിയ സ്ഥലത്തിനരികെ കൂടെ മുതലാളി നിശ്ചയിക്കുന്ന വീതിയില്‍ പണിയണം. കമ്പനിയുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ റോഡ് സൗകര്യങ്ങള്‍ വേണമെന്ന് വ്യവസ്ഥയുണ്ട്. അതനുസരിച്ച് കമ്പനി പടിവരെ നല്ല വീതിയ്ക്ക് നാട്ടുകാരുടെ സ്ഥലത്തു കൂടി റോഡുകള്‍ പണിയും. കമ്പനിയ്ക്ക് ആവശ്യമില്ലാത്ത റോഡുകള്‍ക്ക് മറ്റു വാര്‍ഡുകളില്‍ ഫണ്ടും ഉണ്ടാവില്ല. മുഴുവന്‍ മരാമത്ത് ഫണ്ടും കമ്പനി സൗകര്യത്തിന്. എന്ത് നല്ല കിനാശ്ശേരിയല്ലേ!

ഏറെ കൊട്ടിഘോഷിക്കുന്ന ഗോഡ് വില്ലാ പ്രോജക്ടിന്റെ സത്യമെന്താണ്. കിഴക്കമ്പലത്തെ കോണ്‍ഗ്രസ് നേതാവ് കെ.എ ആന്റണി, അന്നത്തെ കേന്ദ്ര പദ്ധതിയായ ലക്ഷം വീട് പദ്ധതിയിലേക്ക് സംഭാവന ചെയ്തതാണ് കിഴക്കമ്പലത്തെ ഇന്നത്തെ ഗോഡ്‌സ് വില്ല പ്രോജക്ട് നിലവിലുള്ള സ്ഥലം. അന്ന്, രണ്ടു വരി കല്ല് അടിത്തറയില്‍ കുമ്മായം കൊണ്ട് കല്ലു കെട്ടി മുകളില്‍ ഓലയോ ഷീറ്റോ പാകിയതായിരുന്നു വീടുകള്‍.

അങ്ങെനെയിരിക്കെയാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ലക്ഷം വീട് പുന:രുദ്ധാരണ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. അതനുസരിച്ച് പിന്നീട് വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 2013 – 14 സാമ്പത്തിക വര്‍ഷത്തില്‍, കിഴക്കമ്പലം പഞ്ചായത്തിലെ ഗോഡ്‌സ് വില്ല നില്‍ക്കുന്ന കോളനികളില്‍ അടക്കം 92 വീടുകളെ ഈ പദ്ധതിയില്‍ പെടുത്തി 2 ലക്ഷം രൂപ വീതം സഹായം അനുവദിച്ചു. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് വരികയും, 2015 ല്‍ ട്വന്റി 20 അധികാരത്തില്‍ വരികയും ചെയ്തു. അധികാരത്തില്‍ വന്ന ട്വന്റി 20 സര്‍ക്കാര്‍ പദ്ധതി തുകയായ രണ്ടു ലക്ഷവും, ഗുണഭോക്തൃ വിഹിതം എന്ന പേരില്‍ ഓരോ കടുംബങ്ങളില്‍ നിന്ന് 2 ലക്ഷം വീതവും വെച്ച് പദ്ധതി ട്വന്റി 20യുടേതാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഈ തുകയ്ക്ക് പുറമേ, നാല്‍പ്പതോളം കമ്പനികളുടെ CSR ഫണ്ടും, കമല്‍ ഹാസന്‍, ജയറാം, തുടങ്ങി സിനിമാ താരങ്ങളുടെ സംഭാവനകളും സമാഹരിച്ചു, കെട്ടിട നിര്‍മ്മാണം കരാര്‍ നല്‍കി പണി പൂര്‍ത്തികരിച്ചു. നല്ലവനായ ഒരു വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് സര്‍ക്കാരിന്റേയും, വീട്ടുടമസ്ഥരായ ഗുണഭോക്താക്കളുടേയും, വ്യക്തികളുടേയും, നിയമപരമായി കമ്പനികള്‍ നല്‍കേണ്ട CSR ഫണ്ടിന്റേയും സഹായത്തോടെ പണി കഴിച്ച വീടുകളിലാണ്, ട്വന്റി 20 നല്‍കിയത് എന്ന ഔദാര്യത്തില്‍ തങ്ങളുടെ, സാമൂഹിക രാഷ്ട്രീയ നിലപാടുകള്‍ വരെ അവര്‍ക്ക് അടിയറ വെച്ച് ഗോഡ്‌സ് വില്ലയില്‍ കിഴക്കമ്പലം നിവാസികള്‍ താമസിക്കുന്നത് എന്നതാണ് സത്യ കഥ.

കമ്പനി നല്‍കുന്ന CSR ആനുകൂല്യങ്ങള്‍ കിഴക്കമ്പലം നിവാസികളായ കാല്‍ ലക്ഷം പേര്‍ക്കും ലഭിക്കുന്നുണ്ട് എന്ന് കരുതിയെങ്കില്‍ അവിടെയും നിങ്ങള്‍ക്ക് തെറ്റി. ട്വന്റി 20യ്ക്ക് രാഷ്ട്രീയ അടിമത്വം സ്വീകരിച്ച ചുരുക്കം ചിലര്‍ക്കാണ് ആനുകൂല്യം ഉള്ളത്. കമ്പനി വിലയ്ക്ക് കിഴക്കമ്പലം നിവാസിക്ക് സാധനം ലഭിക്കണമെങ്കില്‍ അയാള്‍ കുടുംബസമേതം ട്വന്റി 20യുടെ പ്രവര്‍ത്തകര്‍ ആയിരിക്കണം. അവര്‍ക്ക് 70% ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ ലഭ്യമാകും. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമാണ് പ്രവര്‍ത്തകനെങ്കില്‍ 50% ഡിസ്‌ക്കൗണ്ട് ലഭിക്കും. പ്രവര്‍ത്തകന്‍ ഇല്ലാത്ത അനുഭാവി കുടുംബം ആണങ്കില്‍ 30-മുതല്‍ 40 വരെ സബ്‌സിഡിയില്‍ സാധനം ലഭിക്കും. ഇതിന് വ്യത്യസ്ഥ നിറത്തിലുള്ള കാര്‍ഡുകള്‍ ഉണ്ട്. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സാധനവും ലഭിക്കില്ല. സാധനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ കമ്പനികളുടെ CSR ഫണ്ടില്‍ വകയിരുത്തപ്പെടും.

കമ്പനി മുതലാളിക്കോ, ട്വന്റി 20യ്‌ക്കോ തിരുവുള്ളക്കേട് ഉണ്ടായാല്‍ കാര്‍ഡ് നഷ്ടമാകും. എങ്ങനെയുണ്ട് കമ്പനിയുടെ ബുദ്ധി! പഞ്ചായത്ത് തീരുമാനങ്ങള്‍, ചട്ടങ്ങള്‍ എന്നിവ നടപ്പിലാക്കാനുള്ള പഞ്ചായത്ത് ഓഫീസിലെ സര്‍ക്കാര്‍ ജീവനക്കാരെയും കമ്പനി വരുതിയിലാക്കി, അവര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങളും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ഉള്ള ഭക്ഷണവും, കമ്പനിയുടെ ന്യായവില ഷോപ്പില്‍ നിന്ന് അവശ്യ വസ്തുക്കള്‍ എഴുപത് ശതമാനം (കമ്പനി വിലയ്ക്ക്) വാങ്ങാനുള്ള കാര്‍ഡുകളും നല്‍കി സ്വാധീനിച്ചു. ഈ അടുത്ത കാലത്താണ്, തങ്ങളുടെ ‘ഉപ്പും ചോറും തിന്നുന്നവര്‍’ എന്ന് കമ്പനി ഉടമ ജീവനക്കാരെ ആക്ഷേപിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാര്‍ അത് ബഹിഷ്‌ക്കരിച്ചു തുടങ്ങിയത്.

പച്ചയ്ക്ക് പറഞ്ഞാല്‍, പടയെ പേടിച്ച് പന്തളത്തെ പടയില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇന്ന് കിഴക്കമ്പലം നിവാസികള്‍. കൈയ്ച്ചിട്ട് ഇറക്കാനും വയ്യ, തുപ്പിയാല്‍ മുതലാളി കോപം വരുത്തി വച്ച് നാട്ടില്‍ ജീവിക്കാനും വയ്യാത്ത അവസ്ഥ. പുറത്ത് പുകല്‍ പെറ്റ ‘കിഴക്കമ്പലം തള്ള്’ ആഞ്ഞ് നടക്കുമ്പോള്‍, പറ്റിയ അവസ്ഥയോര്‍ത്ത് പരസ്യമായി പരിതപിക്കാന്‍ പോലും ഭയന്ന് നാളുകള്‍ തള്ളിനീക്കുകയാണ് കിഴക്കമ്പലത്തുകാര്‍…..
കടപ്പാട്

അഭിലാഷ് മാന്നാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം