പരസ്പരം കെട്ടിപ്പുണർന്ന ഇരുവരുടെയും കണ്ണിൽ നനവ് പടർന്ന നിമിഷം; പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥിയെ കാണാനെത്തിയ എൽ ഡി എഫ് സ്ഥാനാർഥി


ഇരിമ്പിളിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മെറീഷ് തന്നോട് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി ഗോപാലേട്ടനെ വീട്ടിലെത്തി കണ്ടതും തുടർന്ന് നടന്ന കാര്യങ്ങളും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷരീഫ് പാലോളി
ഷരീഫ് പലോളിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം:
മെറീഷ് ഇന്ന് ഗോപാലേട്ടനെ വീട്ടിലെത്തി കണ്ടു. ഹൃദ്യമായിരുന്നു ആ കാഴ്ച്ച, സന്തോഷകരമായിരുന്നു ആ നിമിഷം. പരസ്പരം കെട്ടിപ്പുണർന്ന ഇരുവരുടെയും കണ്ണിൽ നനവ് പടർന്ന നിമിഷം. ഇരിമ്പിളിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മെറീഷ് 115 വോട്ടുകൾക്കാണ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഗോപാലേട്ടനെ കാണാനാണ് മെറീഷ് വീട്ടിലെത്തിയത്. വ്യക്തിപരമായി വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ എതിരാളികളെ വേദനിപ്പിക്കാത്ത മെറീഷ് തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഗോപാലേട്ടന്റെ പിന്തുണ തേടിയാണ് എത്തിയത്.
പ്രചാരണസമയത്ത് വാർഡുമായി ബന്ധപ്പെട്ട് വോട്ടർമാർ ശ്രദ്ധയിൽ പെടുത്തിയ വിഷയങ്ങൾ ഗോപാലേട്ടൻ മടി കൂടാതെ അറിയിക്കണമെന്ന് മെറീഷ് പറഞ്ഞു. തീർച്ചയായും ഇനി ഒന്നിച്ചു നിൽക്കുമെന്നും മെറീഷ് എന്നെ കാണാനെത്തിയതോടെ ഞാൻ വിജയിച്ചെന്നും ഗോപാലേട്ടനും. പരാജയപ്പെടുന്നവരെ വ്യക്തിപരമായി ആക്രമിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്നവർക്കിടയിൽ പരസ്പരം ബഹുമാനം നൽകുന്ന ഇവർ മാതൃകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. ജയിച്ചവർ നമ്മുടെ ജനപ്രതിനിധികളാണ്. നാട്ടുകാരാണ്. നാടിന്റെ ഐക്യം നിലനിൽക്കട്ടെ…. ഇവിടെ മൈത്രിയുടെ നാളമായി മെറീഷിനെ പോലുള്ളവർ പ്രകാശിക്കട്ടെ….
ഷരീഫ് പാലോളിയുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം