കർഷക പ്രക്ഷോഭം ഇന്നുമുതൽ രാജ്യവ്യാപകം; നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

single-img
14 December 2020

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്നുമുതൽ രാജ്യവ്യാപകമാകും. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും നടക്കും. ഡൽഹിയുടെ അതിർത്തികളിൽ കർഷകർ ഇന്ന് നിരാഹാര സമരം നടത്തുന്നുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരഭൂമിയില്‍ നിരാഹാരം സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം താനും നിരാഹാരമനുഷ്ഠിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് കർഷകർ സമരം ശക്തമാക്കുന്നത്. രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കർഷകർ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ഇതിന് പുറമെ സിംഗു അതിർത്തിയിൽ കർഷകർ ഇന്ന് നിരാഹാര സമരവും നടത്തുന്നുണ്ട്. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലും കർഷകരുടെ ഉപവാസ സമരം അരങ്ങേറും.

രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയാണ് ഉപവാസ സമരം. കർഷകർക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നിരാഹാര പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യവുമായി നിരാഹാര സമരത്തിൽ അണിചേരാൻ പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും കെജ്‌രിവാൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ ഡൽഹി ജയ്‌പൂർ ദേശീയ പാത ഉപരോധിച്ചിരുന്നു. രാജസ്ഥാൻ, ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ച് പൊലീസ് തടയുകയായിരുന്നു. ഡൽഹി ജയ്പൂർ ഹൈവേയിലെ സമരം തുടരും.

Content : Peasant agitation nationwide from today; Arvind Kejriwal announces support for hunger strike