ഇപ്പോൾ 50 MBPs വേഗമൊക്കെ കണ്ട്​ അന്തംവിട്ട്​ നിൽപ്പാണ്; ബി എസ് എൻ എൽനെ നശിപ്പിക്കുന്ന ബി എസ്​എൻ എൽ; ഒരു സങ്കട ഹർജി…

single-img
14 December 2020

കുറച്ചു വര്ഷങ്ങള്ക്കു മുൻപുവരെ പലരുടേയും വീട്ടിലെ ഒരംഗമായിരുന്ന ബി.എസ്​.എൻ.എൽ ഇപ്പോൾ അതങ്ങനെ വീട്ടിലെ മൂലയിൽ അനക്കമില്ലാതെ ഇരിപ്പുണ്ട്​. ഫോൺ കണക്ഷ​നൊക്കെ വി.ഐ.പിയായിരുന്ന കാലത്തു ഒരു ബി.എസ്.എൻ.എൽ കണക്ഷൻ കിട്ടാൻ എം.പിമാരുടെ കാലുവരെ പിടിച്ച് വീട്ടിലെത്തിച്ചിരുന്ന കാര്യം ഇന്ന്​ അതിശയോക്​തിയോടെ മാത്രമേ ഓർക്കാൻ കഴിയൂ. എല്ലാം ബി.എസ്​.എൻ.എല്ലി​ൻറെ കൈയിലിരുപ്പുകൊണ്ട്​ സംഭവിച്ചതാണ്​.

ബി.എസ്​.എൻ.എൽ തന്നെ നശിപ്പിക്കുന്ന ബി.എസ്​.എൻ.എൽ.. ഒരു സങ്കട ഹർജി… മധ്യമം പത്രത്തിലെ സീനിയർ സബ് എഡിറ്റർ കെ എ സെയ്ഫുദ്ദീന്റെ ഫേസ്ബുക് കുറിപ്പ്.

കെ എ സെയ്ഫുദ്ദീന്റെ ഫേസ്ബുക് കുറിപ്പിനെ പൂർണരൂപം:

ബി.എസ്​.എൻ.എൽ തന്നെ നശിപ്പിക്കുന്ന ബി.എസ്​.എൻ.എൽ..

ഒരു സങ്കട ഹർജി…

——————————————-

പലരുടേതുമെന്നപോലെ വർഷങ്ങളായി ഞങ്ങളുടെ വീട്ടിലെയും ഒരംഗമായിരുന്നു ബി.എസ്​.എൻ.എൽ. സകലമാന മനുഷ്യരും ലാൻഡ്​ ​ഫോണുകൾ ഉപേക്ഷിച്ചപ്പോഴും അത്​ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അതിലേക്ക്​ വരുന്ന കോളുകൾ തീരെ കുറവാണെങ്കിലും സമയത്ത്​ ബില്ലടച്ചാലും ഇല്ലെങ്കിലും കാണിച്ചുതരാമെന്ന ഭീഷണി മാസംതോറും മുഴക്കിയിട്ടും അത്​ കൂടെയുണ്ട്​…

പണ്ട്​, ഫോൺ കണക്ഷ​നൊക്കെ വി.ഐ.പിയായിരുന്നപ്പോൾ എം.പിമാരുടെ കാലുവരെ പിടിച്ചായിരുന്നു ഈ കക്ഷിയെ വീട്ടിലെത്തിച്ചിരുന്നതെന്നതൊക്കെ ഇന്ന്​ അതിശയോക്​തിയായി തോന്നാം…

എല്ലാം ബി.എസ്​.എൻ.എല്ലി​ൻറെ കൈയിലിരുപ്പുകൊണ്ട്​ സംഭവിച്ചത്​…

അഞ്ച്​ വർഷം മുമ്പ്​ പുതുതായി താമസമായ സ്​ഥലത്ത്​ കണക്ഷനു വേണ്ടി ചെന്നപ്പോൾ തന്നെ അവർ മുഖമടച്ച്​ പറഞ്ഞിരുന്നു ‘ആ ഏരിയയിൽ കേബിൾ ഇല്ല…’ എന്ന്​. ആ പുതിയ ​പ്രദേശത്ത്​ എവിടെയൊക്കെ ലാൻഡ്​ കണക്ഷനുകളുണ്ടായിരുന്നു എന്നൊക്കെ തപ്പിനടന്ന്​ കണ്ടുപിടിച്ച്​ നേരേ എതിർവശത്തെ വീട്ടിൽ ഉണ്ടായിരുന്ന സറണ്ടർ ചെയ്​ത നമ്പർ സഹിതം കുത്തിയിളക്കിയപ്പോഴാണ്​ ഏമാൻമാർ കനിഞ്ഞ്​ കണക്ഷൻ തന്നത്​…

ഫോണാണെങ്കിൽ എന്നും കേട്​… ലൈനിലെ ഒച്ചയും അലർച്ചയും കാരണം ആരെയും വിളിക്കാനും വിളി കേൾക്കാനും വയ്യാതായി… അടിക്കടി റെസീവർ കേടാകുകയും ചെയ്​തു.. ലൈൻ മോശമായതുകൊണ്ടെന്ന്​ അപ്പീസർമാരുടെ ഒഴുക്കൻ മറുപടി… എന്നാലും ഇടയ്​ക്കിടെ വന്ന്​ ഒരുവിധം നന്നാക്കി പോകും… അവർ പോയാലുടൻ അവർക്കൊപ്പം ​ലൈനും അതിൻറെ പാട്ടിനുപോകും..

ബ്രോഡ്​ബാൻഡ്​ കൂടിയുള്ള കണക്ഷനാണ്​. പ്രധാനമായും നെറ്റിനു വേണ്ടിയാണ്​ ഈ കാലത്തും ലൈൻ നിലനിർത്തിയിരുന്നത്​. കഷ്​ടിച്ച്​ 1MBPS സ്​പീഡൊക്കെ കിട്ടിയിരുന്നതാണ്​.. പി​ന്നെ അതങ്ങു കുറഞ്ഞു.. തീരെ സ്​പീഡ്​ ഇല്ല എന്ന്​ പരാതിപറഞ്ഞപ്പോൾ 10MBPS സ്​പീഡുള്ള പാക്കേജിലേക്ക്​ മാറാനായിരുന്നു ഉപദേശം. അതും ചെയ്​തു.. അങ്ങ​നെ മാസംതോറും 1069 രൂപയുടെ പാക്കേജിലേക്ക്​ മാറി… വാഗ്​ദാനം ചെയ്​ത 10 MBPS സ്​പീഡൊന്നും കിട്ടിയില്ലെങ്കിലും ഒരു മൂന്നൊക്കെ വെച്ച്​ അഡ്​ജസ്​റ്റ്​ ചെയ്​തു പോരുകയായിരുന്നു… അപ്പോഴും ലൈൻ തകരാറും റസീവർ കേടാകലും പോലുള്ള പതിവ്​ കലാപരിപാടികൾ തുടർച്ചയായിരുന്നു. ബില്ലടയ്​ക്കാൻ ഒരു ദിവസം വൈകിയാൽ കട്ട്​ ചെയ്യുന്ന പണിയും അടുത്തിടയായി തുടങ്ങി..

ഓൺലൈൻ ക്ലാസുകളും വർക്​ ഫ്രം ഹോമും തുടങ്ങിയപ്പോഴാണ്​ ശരിക്കും പണികിട്ടി തുടങ്ങിയത്​… സ്​പീഡ്​ വെറും 420 KBPS ആയി ചുരുങ്ങി…ചിലപ്പോൾ അത്​ 135 KBPS വരെയെത്തി ചത്തുമലച്ചു…

പിന്നെയും പിന്നെയും പരാതിയുമായി BSNL ഓഫീസ്​ കയറിയിറങ്ങലായി… അവർ പ്രശ്​നംവെച്ചു… പരിഹാരം നിർദേശിച്ചു..

പഴയ കോപ്പർ കേബിളിലൂടെയാണ്​ ഇൻർനെറ്റ്​ സഞ്ചാരം.. അത്​ ഒഴിവാക്കി ഒപ്​റ്റിക്​ ഫൈബർ കേബിളിലേക്ക്​ മാറിയാൽ സംഗതി ഡബിൾ ഓ.കെയാകും… 20 MBPS വരെ സ്​പീഡ്​ കിട്ടും..

എല്ലാം ശരിയാകും…

പക്ഷേ, ആര്​ ചെയ്യും..?

ബി.എസ്​.എൻ.എൽ ഓഫീസി​ലെ ചേച്ചി ഒരു നമ്പർ തന്നു…

പിന്നെ വിളിയോട്​ വിളി…

നാ​ളെ വരും … മറ്റന്നാൾ വരും…. എന്നു പറഞ്ഞ്​ ദിവസങ്ങൾ കുറേ കടന്നു …

ഞങ്ങളു​ടെ വീടിന്​ തൊട്ടപ്പുറത്തായി ഒരു​ ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റു​ണ്ട്​.. അവിടെ വ​രെ ​ഫൈബർ കേബിൾ ​ഉണ്ടെന്നും ലൊക്കേഷൻ നോക്കിയിട്ട്​ ശരിയാക്കാമെന്നും മറുപടിയുണ്ടായി…

ഒടുവിൽ രണ്ടുപേർ ലൊക്കേഷൻ നോക്കാൻ വന്നു…

അപ്പോൾ ദാണ്ടേ കെടക്കണ്​ പ്രശ്​നം…!

ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റിനടുത്തു നിന്ന്​ ഞങ്ങളുടെ വീട്ടിലേക്ക്​ 400 മീറ്റർ ഉണ്ട്​. 200 മീറ്റർ വ​രെ കേബിൾ ഇടാനേ ഒപ്​ഷനുള്ളു..

ഒരു നാല്​ കണക്ഷൻ എങ്കിലും പിടിച്ചുകൊടുത്താൽ വീട്ടിലേക്ക്​ ഇന്ദ്രവല്ലരി എത്തിച്ചുതരാം…

ഒന്നൂടി നോക്കാമെന്നു പറഞ്ഞ്​ അവർ പോയി…

നാലു ദിവസം കഴിഞ്ഞ്​ വിളിച്ചപ്പോൾ അയാൾ സങ്കടം പറയുന്നു… അവിടെ വ​രെ ഇട്ടുതരാൻ പ്രൊവിഷൻ ഇല്ല എന്ന്​…

മറ്റൊരു ഒപ്​ഷൻ കൂടി അയാൾ പറഞ്ഞു. 200 മീറ്റർ കഴിഞ്ഞുള്ള കേബിളിന്​ മീറ്ററിന്​ 10 രൂപ നിരക്കിൽ ഞാൻ കൊടുത്താൽ കേബിളിട്ടു തരാമെന്ന്​…

മോഡത്തി​ൻറെ തുകക്കു പുറമെ കേബിളിൻറെ തുക കൂടി ഒരു കസ്​റ്റമറെ കൊണ്ടു വഹിപ്പിക്കുന്നതിൽ അയാൾക്കും മനസ്​താപം…

ഒടുവിൽ അയാൾ കൈമലർത്തി..

‘ഇതാണ്​ സാർ ബി.എസ്​.എൻ.എല്ലിൻറെ അവസ്​ഥ.. സാർ ഒരു പൊതുമേഖല സ്​ഥാപനത്തോട്​ കാണിക്കുന്ന ഈ താൽപര്യത്തിനനുസരിച്ച്​ ഒന്നും ചെയ്​തു തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്​… എനിക്കൊന്നും ചെയ്യാൻ കഴിയില്ല….’

അങ്ങനെ ഊമ്പിത്തൊലിഞ്ഞ്​ പൊയ്​​ക്കോണ്ടിരിക്കെയാണ്​ ഞങ്ങളുടെ ഏരിയയിയെ പഴഞ്ചൻ കേബിളുകൾ മാറ്റി ഒപ്​റ്റിക്​ ഫൈബർ വലിക്കാൻ കേബിൾ ടി.വിക്കാർ വന്നത്​. കൂട്ടത്തിൽ ഇൻറർനെറ്റും കൊടുക്കുന്നുണ്ട്​…

താരിഫ്​ നോക്കിയപ്പോൾ ബി.എസ്​.എൻ.എല്ലിനെക്കാൾ കുറഞ്ഞ ​പൈസക്ക്​ അവർ തരുന്നതിനെക്കാൾ വേഗതയുള്ള നെറ്റ്​…

അവർ പോയി ഏതാണ്ട്​ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുറച്ചുപയ്യന്മാർ തോളിൽ കുറേ കേബിളുമായി മുറ്റത്തു നിൽക്കുന്നു…

അവന്മാര്​ വന്ന്​ ചറപറാന്ന്​ കേബിൾ വലിക്കുന്നു..

ഇനി ഭാവിയിലെങ്ങാനും കേബിൾ നീ​ട്ടേണ്ടിവന്നാലോ എന്നു കരുതി കുറച്ചു കേബിൾ അധികവുമിട്ടു…

ഇപ്പോൾ സ്വസ്​ഥം… സമാധാനം… 50 MBPs വേഗമൊക്കെ കണ്ട്​ അന്തംവിട്ട്​ നിൽപ്പാണ്​…

പട്ടിണി കിടന്നവന്​ ബിരിയാണി കിട്ടിയ സന്തോഷം…

ബി.എസ്​.എൻ.എൽ ആപ്പീസിൽ ചെന്ന്​ ലൈനും കട്ട്​ ചെയ്യിച്ചു….

പക്ഷേ, ലാൻഡ്​ ഫോൺ ഒഴിവാക്കാൻ എന്നിട്ടും മനസ്സുവരാത്തതിനാൽ അതങ്ങനെ മൂലയിൽ അനക്കമില്ലാതെ ഇരിപ്പുണ്ട്​…

കെ എ സെയ്ഫുദ്ദീന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം