രാജസ്ഥാനിൽ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം; ഗെലോട്ട് സർക്കാരിൻ്റെ പിന്തുണ പിൻവലിച്ച് ഭാരതീയ ട്രൈബൽ പാർട്ടി

single-img
12 December 2020
rajasthan bjp congress alliance

ഉദയ്പൂർ: രാജസ്ഥാനിൽ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബിജെപിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഭാരതീയ ട്രൈബൽ പാർട്ടി. തെക്കൻ രാജസ്ഥാനിലെ ഡുംഗർപ്പൂരി(Dungarpur) ജില്ലാ പരിഷദിൻ്റെ ജില്ലാ പ്രമുഖ് സ്ഥാനത്തേയ്ക്ക് മൽസരിച്ച ഭാരതീയ ട്രൈബൽ പാർട്ടി(Bharatiya Tribal Party-BTP)യുടെ പിന്തുണയുള്ള സ്വതന്ത്രനെ തോൽപ്പിക്കാൻ കോൺഗ്രസ് (Indian National Congress) ബിജെപി(BJP)യുമായി സഖ്യമുണ്ടാക്കിയതാണ് ഭാരതീയ ട്രൈബൽ പാർട്ടിയെ ചൊടിപ്പിച്ചത്.

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭ(Rajasthan Legislative Assembly)യിൽ രണ്ട് എംഎൽഎമാരുള്ള ബിടിപിയുടെ കൂടി പിന്തുണയോടെയാണ് അശോക് ഗെലോട്ടി(Ashok Gehlot)ൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്.

ജില്ലാ പരിഷദിലേയ്ക്കുള്ള 27 സീറ്റുകളിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ പിന്തുണയോടെ മൽസരിച്ച 13 പേർ വിജയിച്ചപ്പോൾ ബിജെപിയുടെ എട്ടും കോൺഗ്രസിൻ്റെ ആറും അംഗങ്ങളാണ് ജയിച്ച് വന്നത്. എന്നാൽ നിയമസഭയിൽ തങ്ങളുടെ സഖ്യകക്ഷിയായ ബിടിപിയെ കാലുവാരിയ കോൺഗ്രസ് ബിടിപി പിന്തുണയുള്ള പാർവതി ഡോഡയ്ക്കെതിരെ മൽസരിച്ച ബിജെപിയുടെ ജില്ലാ പരിഷദ് അംഗമായ സൂര്യ ആഹാരിയെ ജില്ലാ പ്രമുഖ് സ്ഥാനത്തേയ്ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. പകരമായി ഉപപ്രമുഖ് സ്ഥാനത്തേയ്ക്ക് കോൺഗ്രസിൻ്റെ സുർത പർമാറിനെ വിജയിപ്പിക്കാൻ ബിജെപിയും വോട്ട് നൽകി. സലിം മുഹമ്മദ് ആയിരുന്നു ബിടിപിയുടെ ഉപപ്രമുഖ് സ്ഥാനാർത്ഥി. ഇത്തരത്തിൽ ഒരു തുറന്ന കോൺഗ്രസ്-ബിജെപി സഖ്യത്തിനാണ് ഡുംഗർപ്പൂർ സാക്ഷ്യം വഹിച്ചത്.

സവർണ്ണജാതിയിൽപ്പെട്ടവർക്ക് സംവരണം ലഭിക്കുന്ന രാജസ്ഥാനിലെ ഒരു പ്രദേശത്തിന്റെ കഥ

ഇത്തരത്തിൽ തങ്ങൾക്ക് ശരിക്കും ഭൂരിപക്ഷം ലഭിച്ച മിക്കവാറും എല്ലാ പഞ്ചായത്ത് സമിതികളിലും ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കി തങ്ങളെ തോൽപ്പിക്കുകയായിരുന്നുവെന്ന് ഭാരതീയ ട്രൈബൽ പാർട്ടിയുടെ നേതാവും പ്രചാരകനുമായ കാന്തി ലാൽ റോത് ഇവാർത്തയോട് പറഞ്ഞു. ഡുംഗർപ്പൂർ ജില്ലയിലെ 10 പഞ്ചായത്ത് സമിതികളിൽ എട്ടിലും ബിടിപിയ്ക്കായിരുന്നു ഭൂരിപക്ഷം. എന്നാൽ നാലിടത്ത് മാത്രമേ ബിടിപിയ്ക്ക് ഭരണസമിതിയുണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ബാക്കി എല്ലായിടത്തും ബിജെപി-കോൺഗ്രസ് അവിഹിത സഖ്യം യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുകയായിരുന്നുവെന്നും കാന്തിലാൽ പറയുന്നു.

kantilal roat BTP rajasthan
കാന്തിലാൽ റോത്ത്

“ബിജെപിയും കോൺഗ്രസും ഒന്ന് തന്നെയാണ്. ബിജെപി എന്നത് ആർ എസ് എസ് ആണെങ്കിൽ കോൺഗ്രസ് മൃദു ആർഎസ്എസ് ആണ്. കോൺഗ്രസ് അൽപ്പം വിഷം കുറഞ്ഞ നാഗമാണെങ്കിൽ ബിജെപി ഉഗ്രസർപ്പമാണ്. പക്ഷേ രണ്ടും പാമ്പ് തന്നെ. 17 വർഷമായി ഈ മേഖലയിലെ ആദിവാസി ജനവിഭാഗത്തെ അവർ രണ്ടുകൂട്ടരും ചേർന്ന് കബളിപ്പിക്കുകയാണ്. ”

കാന്തിലാൽ ഇവാർത്തയോട് പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഡുംഗർപ്പൂരിൽ നിന്നും ഭാരതീയ ട്രൈബൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു കാന്തിഭായ് എന്നറിയപ്പെടുന്ന കാന്തിലാൽ റോത്ത്.

ഈ പ്രദേശത്ത് വർഷങ്ങളായി അധികാരം കയ്യാളിയിരുന്ന കോൺഗ്രസും ബിജെപിയും അഴിമതി മാത്രമാണ് ഇവിടുത്തെ ജനങ്ങൾക്ക് സമ്മാനിച്ചതെന്നും അതുകൊണ്ടാണ് ബിടിപി അവരുടെ ശത്രുവായതെന്നും ബിടിപി അദ്ധ്യക്ഷൻ ഡോ. വേലാറാം ഘോഗ്ര ഇവാർത്തയോട് പറഞ്ഞു. ബിടിപി വന്ന്നതിന് ശേഷം ആദിവാസി മേഖലയിലെ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിന് അവരെ പ്രേരിപ്പിക്കുന്നത്. എന്ത് തരം സഖ്യമുണ്ടാക്കിയാലും 2023-ൽ നടക്കുന്ന നിയസഭാ തെരെഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും ആദിവാസി മേഖലയിൽ അപ്രസക്തമാകുമെന്നും ബിടിപി എല്ലായിടത്തും വിജയിക്കുമെന്നും വേലാറാം ഘോഗ്ര അവകാശപ്പെടുന്നു.

Velaram Ghogra BTP Rajasthan
ഡോ. വേലാറാം ഘോഗ്ര

72 ശതമാനത്തിലധികം ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ട്രൈബൽ സബ് പ്ലാൻ(TSP) മേഖലയിലാണ് ഡുംഗർപ്പൂർ ജില്ല. ഭാരതീയ ട്രൈബൽ പാർട്ടി കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി അവിടെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പരമ്പരാഗതമായി കോൺഗ്രസും കഴിഞ്ഞ കുറേക്കാലമായി ബിജെപിയും ജയിച്ചുവന്നിരുന്ന പ്രദേശത്തുനിന്നും രണ്ട് എംഎൽഎമാരെ നിയമസഭയിൽ എത്തിക്കുവാനും ബിടിപിയ്ക്ക് കഴിഞ്ഞു. സാഗ്വാഡ മണ്ഡലത്തിൽ നിന്നും രാം പ്രസാദ് ഡിൻഡോറും (Ram Prasad Dindor) ചോരാസി മണ്ഡലത്തിൽ നിന്നും രാജ്കുമാർ റോത്തുമാണ് വിജയിച്ചത്. ഈ എം എൽ എമാർ കോൺഗ്രസിന് നൽകിയ പിന്തുണയാണ് പിൻവലിച്ചത്.

Content: BJP-Congress alliance in Rajasthan to defeat a tribal Party