ശമ്പളം ലഭിച്ചില്ല; ഐഫോൺ പ്ലാന്റ് അടിച്ച് തകര്‍ത്ത് ജീവനക്കാര്‍

single-img
12 December 2020

തുടര്‍ച്ചയായി ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ പ്രതിഷേധിച്ച് കർണാടകയിലെ കോലാർ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോൺ നിർമാണ പ്ലാന്റ് ജീവനക്കാർ അടിച്ചുതകർത്തു. ഐഫോൺ നിർമിക്കാനായി ആപ്പിൾ കരാർ നൽകിയ തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ഇന്ന് ഒരുസംഘം അസംതൃപ്തരായ ജീവനക്കാർ ആക്രമിച്ചത്.

അവസാന രണ്ട് മാസത്തിലേറെയായി വിസ്ട്രോൺ കോർപ്പ് പല ജീവനക്കാര്‍ക്കും വേതനം നൽകിയിട്ടില്ലെന്നും ജോലി അധികമാണെന്നും ജീവനക്കാർ പറയുന്നു. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാർ ഒത്തുകൂടിയാണ് കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞത്.ഇതിനെ തുടര്‍ന്ന് ഇവര്‍ കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.

അവിടെയും അവസാനിക്കാതെ അക്രമം വ്യാപകമായതോടെ പോലീസെത്തി ലാത്തി ചാർജ് നടത്തുകയായിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ ഷിഫ്റ്റ് മാറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോലാർ എസ്പി കാർത്തിക് റെഡ്ഡി അറിയിച്ചു.

പോലീസ് പ്ലാന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെ വിസ്ട്രോണിലെ 80 ജീവനക്കാരെ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.