മൂന്നാം തവണയും ഇഡിയോട് ഒളിച്ചു കളിച്ച് രവീന്ദ്രൻ; സർക്കാരിനും സിപിഎമ്മിനും എതിരെയുള്ള സ്വപ്നയുടെ മൊഴി; ഒന്‍പത് ജില്ലകളില്‍ ഇനിയും വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ വിവാദങ്ങളില്‍ ശ്വാസംമുട്ടി സര്‍ക്കാരും സിപിഎമ്മും

single-img
9 December 2020

ഇനിയും ഒന്‍പത് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ വിവാദങ്ങളില്‍ ശ്വാസംമുട്ടുകയാണ് സര്‍ക്കാരും സിപിഎമ്മും. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന കോടതിയില്‍ കൊടുത്ത മൊഴികളാണ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മൂന്നാംതവണയും ആശുപത്രിയില്‍ പ്രവേശിച്ചതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍  പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുന്ന തിരിച്ചടി ചെറുതല്ല. പക്ഷെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ മൂന്നാംതവണയും രവീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ അഭയം തേടിയത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന‌് ചിന്തിക്കുന്നവരാണ് പാര്‍ട്ടിയിലേയും മുന്നണിയിലേയും ബഹുഭൂരിപക്ഷവും.

കഴിഞ്ഞ രണ്ടു രാവശ്യം കോവിഡിന്റെയും കോവിഡാനന്തര ചികില്‍സയുടെയും പേരില്‍ വീണ്ടും ഒളിച്ചുകളിച്ച രവീന്ദ്രനെ ഇത്തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എങ്ങനെ നേരിടുമെന്നതും നിര്‍ണായകം.

ഇതിനിടയിൽ സര്‍ക്കാരിനേയും സി.പി.എമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും ജയിലിലെത്തിയ ആള്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ഹൈക്കോടതിയില്‍ പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ വന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തിയതാരെന്നുള്ള അന്വേഷണം വരുംദിവസങ്ങളിലുണ്ടാകും.

സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും. ഭരണതലത്തില്‍ നിര്‍ണായക സ്വാധീനമുള്ളയാളാണ് ഉന്നതനെന്ന് സൂചനകള്‍ പുറത്തുവന്നതോടെ പ്രതിപക്ഷവും ബി.ജെപിയും ഇത് തിരഞ്ഞെടുപ്പില്‍ ആയുധമാക്കിക്കഴിഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചും യു.ഡി.എഫ് ബി ജെ.പി ഒത്തുകളി ആരോപിച്ചുമുള്ള സി.പി.എം പ്രതിരോധം ഇതോടെ കൂടുതല്‍ ദുര്‍ബലമാകുകയാണ്.