നൊന്തു പ്രസവിക്കണമെന്നില്ല ഒരു കുഞ്ഞിന്റെ അമ്മയാകാന്‍; അന്ന് അവള്‍ക്കു 50 ദിവസം പ്രായം; ഒരിക്കൽ അവളറിയും ഞാനല്ല അവളുടെ അമ്മയെന്ന്

single-img
9 December 2020
facebook post about her adopted daughter by Swapna George Tom

സിംഗിള്‍ പേരന്റ് ചലഞ്ചുകൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് താൻ പത്ത് മാസം ചുമക്കാതെ, നൊന്തു പ്രസവിക്കാത്ത മകളെ കുറിച്ചുള്ള കുറിപ്പുമായി വ്യത്യസ്തയാവുകയാണ് ഒരമ്മ. കുട്ടികളെ ഒറ്റക്ക് വളര്‍ത്തുന്ന അല്ലെങ്കില്‍ വളര്‍ത്തിയ അച്ഛന്റെയോ അമ്മയുടെയോ കാര്യങ്ങളാണ് സിംഗിള്‍ പേരന്റ് ചലഞ്ചിലുള്ളത്. എന്നാൽ തന്റെ ഹൃദയത്തിന്റെ ഭാഗമായ ഇളയ മകളെ കുറിച്ചാണ് സ്വപ്ന ജോർജ് ടോമിന്റെ കുറിപ്പ്.

ഒരു നാള്‍ അവള്‍ അറിയും ഞാന്‍ അവളുടെ അമ്മ അല്ല എന്നുള്ളത്. ഒരു സ്ത്രീക്ക് നൊന്തു പ്രസവിക്കണമെന്നില്ല ഒരു കുഞ്ഞിന്റെ അമ്മയാകാന്‍..അവള്‍ എന്റെ ഹൃദയ ത്തിലാണ് ജീവിക്കുന്നത്.. എന്റെ മറ്റു രണ്ടു കുട്ടികളെക്കാള്‍ സ്‌നേഹം എനിക്ക് അവളോടാണ്… അവളുടെ കണ്ണു നിറഞ്ഞാല്‍ എന്റെ ഹൃദയം വേദനിക്കുമെന്ന് സ്വപ്ന പറയുന്നു.

സ്വപ്ന ജോർജ് ടോമിന്റെ ഫേസ്ബുക് കുറിപ്പ്,

ഇന്ന് എന്റെ മോളുടെ പത്താം ജന്മദിനമാണ് …പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോള്‍…അവളെ എനിക്ക് ജീവനാണ്.. ഒരു നാള്‍ അവള്‍ അറിയും ഞാന്‍ അവളുടെ അമ്മ അല്ല എന്നുള്ളത്. ഒരു സ്ത്രീക്ക് നൊന്തു പ്രസവിക്കണമെന്നില്ല ഒരു കുഞ്ഞിന്റെ അമ്മയാകാന്‍..അവള്‍ എന്റെ ഹൃദയ ത്തിലാണ് ജീവിക്കുന്നത്.. എന്റെ മറ്റു രണ്ടു കുട്ടികളെക്കാള്‍ സ്‌നേഹം എനിക്ക് അവളോടാണ്… അവളുടെ കണ്ണു നിറഞ്ഞാല്‍ എന്റെ ഹൃദയം വേദനിക്കും…

എന്റെ മൂത്ത രണ്ടു കുട്ടികള്‍ എന്റെ ശരീരത്തിന്റെ ഭാഗമാണേല്‍ എന്റെ ഇളയ മോള്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്.അത്രമാത്രം ബന്ധമാണ് എനിക്ക് അവളോട്..പത്തു വര്‍ഷം പിറകോട്ട്….ഒരു സന്ധ്യാസമയത്ത് ഞാന്‍ എന്റെ ശ്രീക്കുട്ടിയെ കണക്ക് പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍ .. അനുജത്തി മരിച്ചു എന്ന്.( sister in law)..

ആ വാര്‍ത്ത വിശ്വസിക്കാന്‍ കുറെ സമയം എടുത്തു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. പ്രസവിച്ചു രണ്ടു മാസത്തിനുള്ളില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു സ്ത്രീകള്‍ മരിക്കും എന്നു ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്… .കുറെ കരഞ്ഞു… മനസ് കൈമോശം വരാതെ ധൈര്യം അവലംബിച്ച് ബാഗില്‍ കുറച്ചു ഡ്രസ്സ് ഒക്കെ തള്ളിക്കേറ്റി വേഗം റെഡിയായി രാത്രി തന്നെ യാത്ര പുറപ്പെട്ടു.. . നെഞ്ചില്‍ ഒരു വിങ്ങല്‍ ആയിരുന്നു… ആരും ഒന്നും മിണ്ടുന്നില്ല… എന്റെ മനസ്സില്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോന്നായി മിന്നിമാഞ്ഞു… ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹവും… ഞാന്‍ ഓരോ തവണ മൈസൂരില്‍നിന്ന് നാട്ടില്‍ തറവാട്ടില്‍ എത്തുമ്പോള്‍ അവള്‍ ഞങ്ങള്‍ക്കായി വെച്ചു തരുന്ന വിഭവങ്ങളും അധികം സംസാരിക്കില്ലേലും പാവം ആയിരുന്നു അവള്‍. ഒരു പരാതിയും പരിഭവവും ഇല്ലാത്ത പെണ്ണ്.. നാട്ടില്‍ നിന്ന് തിരിച്ചുള്ള ഓരോ യാത്രയിലും അവളെപ്പറ്റി ഞാന്‍ ഓര്‍ക്കുമായിരുന്നു എനിക്കും അവളെപ്പോലെ സിമ്പിള്‍ ആയി ജീവിക്കണം എന്ന്. ഇപ്പോഴും അവളെ ഓര്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണുനിറയും.അവളുടെ ശവസംസ്‌കാരത്തിന്റെ അന്ന് എല്ലാരും പറഞ്ഞു അവള്‍ സ്വര്‍ഗത്തില്‍ ആയിരിക്കുമെന്ന് ഈ സമയം … അവള്‍ പോയപ്പോള്‍ അവളുടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായി….

പപ്പയും അമ്മയും ഒന്നുകൂടി കല്യാണം കഴിച്ച് എനിക്ക് ഒരു കുഞ്ഞിനെ കൂട്ട് താ കളിക്കാന്‍ എന്ന ശ്രീക്കുട്ടി യുടെ കൊഞ്ചിയുള്ള സംസാരവും,. കഴിഞ്ഞ ക്രിസ്തുമസിന് നാട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടതും.. നിങ്ങള്‍ രണ്ടു പേരുമായിരിക്കണം കുഞ്ഞിനെ മാമോദിസ മുക്കുമ്പോള്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും ആകേണ്ടത് എന്ന് അമ്മ പറഞ്ഞ കാര്യമെല്ലാം അപ്പോ ഓര്‍മയില്‍ വന്നു. പെട്ടന്ന് ചേട്ടായി എന്നോട് ”നിനക്കറിയാലോ ആ കുഞ്ഞിന്റെ അവസ്ഥ.ഈ സാഹചര്യത്തില്‍ ആ കുഞ്ഞിനെ നോക്കാന്‍ ആരും ഉണ്ടാവില്ല. അവനു മറ്റു രണ്ടു കുട്ടികള്‍ ഇല്ലേ. നമുക്കു തിരിച്ചു പോരുമ്പോള്‍ നമ്മുടെ കുഞ്ഞായി ഇങ്ങു കൊണ്ട് പൊന്നാലോ ”എന്ന് പറഞ്ഞപ്പോള്‍ , ഏത് കാര്യത്തിനും ആദ്യം തടസം പറഞ്ഞിരുന്ന ഞാന്‍ ഒന്നും എതിര്‍ത്തു പറയാതെ സമ്മതം മൂളി …ദൈവം എന്നെ അപ്പോള്‍ അത് തോന്നിപ്പിച്ചതാണെന്ന് ഞാന്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. ഞങ്ങളുടെ മൂത്ത രണ്ടു കുട്ടികള്‍ക്കും പരിപൂര്‍ണ സമ്മതം… എന്റെ ഏത് ആഗ്രഹവും ഒരു മടിയും കൂടാതെ സാധിച്ചു തന്നിരുന്ന എന്നെ ഞാനാക്കിയ എന്റെ പപ്പയുടെയും മമ്മിയുടെയും സമ്മതം കൂടെ എനിക്ക് ആവിശ്യമുണ്ടായിരുന്നു. കാരണം എന്റെ ഈ മോള്‍ അവരുടേതും കൂടി ആകേണ്ടതാണ്…അവരും എനിക്കും പൂര്‍ണ സമ്മതം തന്നു. അങ്ങനെ അനുജത്തിയുടെ ശവസംകാരം കഴിഞ്ഞു മൂന്നാം നാള്‍ കുഞ്ഞിനേയും കൊണ്ട് ഞങ്ങള്‍ മൈസൂര്‍ക്ക് പോന്നു..

അന്ന് അവള്‍ക്കു 50 ദിവസം പ്രായം… ഇനി മുതല്‍ ഞാനാണ് അവളുടെ അമ്മ… അന്ന് മുതല്‍ ഞങ്ങള്‍ അവള്‍ക്കു വേണ്ടി ജീവിച്ചു…. ഞാന്‍ ജോലിക്ക് ഒന്നും പോകാതെ രാത്രിയും പകലും എന്നില്ലാതെ അവളെ നോക്കി…ആരോഗ്യമില്ലാത്ത കുട്ടിയായിരുന്നു അവള്‍. അപ്പോളോ ഹോസ്പ്പിറ്റലിലെ ഗിരീഷ് ഡോക്ടറുടെ കണ്‍സള്‍റ്റേഷനും ഉപദേശവും എല്ലാം കൊണ്ടും ഞങ്ങളുടെ പൊന്നുമോള്‍ വളര്‍ന്നു… അവള്‍ക്കു ഒരു വയസായി അവളുടെ ജന്മദിനം വലിയ ഒരു ആഘോഷമാക്കി…. അവള്‍ ആദ്യമായി എന്നെ അമ്മേ എന്ന് വിളിച്ചതും.. ആദ്യമായി നടന്നതും ഇപ്പോഴും കണ്മുന്‍പില്‍ തെളിയുന്നു… അവളുടെ ഓരോ വളര്‍ച്ചയും ഞങ്ങള്‍ ആഘോഷമാക്കി…

ആയിടെ സായാഹ്നപത്രത്തില്‍ ഒരു വാര്‍ത്ത വന്നു.. ഒരു ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഒരു Healthy Baby Contest നടക്കുന്നു ,അത് വായിച്ചപ്പോള്‍ സിദ്ധു പറഞ്ഞു നമുക്കും പങ്കെടുക്കാം അമ്മേ എന്ന് . അങ്ങനെ ഞങ്ങള്‍ മോളെ അവളുടെ ജന്മദിനത്തിന് വാങ്ങിയ നല്ല ഗൗണ്‍ ഒക്കെ അണിയിച്ച് മത്സരത്തിനു കൊണ്ട് പോയി… മൂന്നു റൗണ്ട് ഉണ്ടായിരുന്നു…എല്ലാ അമ്മമാരും അവരവരുടെ ഊഴം കാത്തു നില്കുന്നു… അങ്ങനെ മത്സരം കഴിഞ്ഞു… റിസള്‍ട്ട് അനൗണ്‍സ് ചെയ്യുന്ന സമയം… നെഞ്ച് ഇടിപ്പ് കൂടി.. അങ്ങനെ കോണ്‍സിലേഷന്‍ പ്രൈസും , തേര്‍ഡ് പ്രൈസും സെക്കന്റ് പ്രൈസും അനൗണ്‍സ് ചെയ്തു.. അവസാനം ഫസ്റ്റ് പ്രൈസ് അനൗണ്‍സ്‌മെന്റ്…

”സേറ ടോം”

സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.. ഓടി ചാടി സ്റ്റേജില്‍ കയറി സമ്മാനവും സര്‍ട്ടിഫിക്കറ്റും വാങ്ങി…. എന്റെ കണ്ണില്‍ കൂടെ കണ്ണുനീര്‍ വന്നു… കാരണം അത് എന്നിലെ അമ്മക്കുള്ള അംഗീകാരമായിരുന്നു… അന്നു ഞാന്‍ മോളേ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു…അവള്‍ക്കു മനസിലായില്ല അമ്മ എന്തിനാ കരയുന്നതെന്ന്.. അങ്ങനെ ഓരോരോ വര്‍ഷങ്ങള്‍.. ഒത്തിരിയൊത്തിരി സമ്മാനങ്ങളും അവള്‍ എനിക്ക് സമ്മാനിച്ചു.ഇന്ന് അവള്‍ക്ക് പത്തു വയസായി.. ഇത് ഞാന്‍ എഴുതാന്‍ കാരണം എല്ലാവരും പറയും പ്രസവിച്ചാല്‍ മാത്രമേ ഒരു സ്ത്രീക്ക് അമ്മയാകാന്‍ പറ്റുകയുള്ളൂവെന്ന് .അത് വെറുതെ ആണ് എന്ന് എനിക്ക് എന്റെ അനുഭവത്തില്‍ കൂടെ പറയാന്‍ വേണ്ടിയാണ് ഈ എഴുത്ത്….എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് ഉണ്ടാകണം. എന്റെ മരണം വരെ അവളുടെ അമ്മെയെന്നുള്ള വിളി കേട്ട് എന്റെ പൊന്നുമോളുടെ അമ്മയായി എനിക്ക് ജീവിക്കണം…

നന്ദി നമസ്കാരം..🙏

സ്വപ്ന ജോർജ് ടോമിന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം.