കുന്നത്ത്നാട്ടിൽ 20-20യുടെ മാങ്ങ പഴുക്കില്ല; കിഴക്കമ്പലത്തെ മുതലാളിഭരണത്തിന്റെ പൊള്ളത്തരങ്ങൾ അക്കമിട്ട് നിരത്തി അർഷാദ് പെരിങ്ങല
കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപ്പൂർ മോഡൽ സ്വർഗീയ ഭൂമിയാക്കിയെന്ന് അവകാശപ്പെട്ട 2020 യുടെ യഥാർഥ്യങ്ങൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിളിച്ചു പറഞ്ഞു കിഴക്കമ്പലം സമീപം കുന്നത്ത്നാട് പഞ്ചായത്തിലെ അർഷാദ് പെരിങ്ങല.
അർഷാദ് പെരിങ്ങലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കിഴക്കമ്പലം 2020 ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്നു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപ്പൂർ മോഡൽ സ്വർഗീയ ഭൂമിയാക്കിയെന്ന് അവകാശപ്പെട്ട 2020 യുടെ യഥാർഥ്യങ്ങൾ ജനം തിരിച്ചറിയുന്നു.
കിഴക്കമ്പലം പഞ്ചായത്തിലെ 2020 യുടെ മോഹന വാഗ്ദാനങ്ങൾ കണ്ട് തൊട്ടടുത്തുള്ള പല പഞ്ചായത്തുകളിലും 100 കണക്കിനാളുകൾ 2020 യുടെ കാർഡുകൾ സ്വീകരിച്ചും അവരുടെ സജീവരായ പ്രവർത്തകരായും രംഗത്ത് വന്നിരുന്നു. എന്നാൽ യഥാർത്ഥ വസ്തുതകൾ ഓരോ ദിവസവും പുറത്ത് വന്നതോടെ 2020 യുടെ കാർഡ് സ്വീകരിച്ച് വോട്ടുറപ്പിച്ച ആളുകൾ പോലും പഴയ പാർട്ടികളിലേക്ക് തിരിച്ച് പോവുകയാണ്. സമൂഹത്തിൽ നിന്നുയരുന്ന 100 കണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികാരികൾക്ക് കഴിയാതെ വന്നതോടെ 2020യുടെ മുഖം മൂടി അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളായി 20 20 ക്കെതിരെ വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ ഉന്നയിച്ച ചോദ്യങ്ങൾ ഓരോന്നായി അക്കമിട്ട് നിരത്തുന്നു.
1. കിഴക്കമ്പലം പഞ്ചായത്തിൽ 20 20 നൽകുന്ന ആനുകൂല്യങ്ങൾ പഞ്ചായത്തിന്റെതാണോ അതോ മുതലാളി നൽകുന്ന ഔദാര്യമാണോ.?
2. പഞ്ചായത്ത് നൽകുന്ന അവകാശമാണ് എങ്കിൽ എന്ത് കൊണ്ട് ആ അവകാശങ്ങൾ കിഴക്കമ്പലം പഞ്ചായത്തിലെ അർഹരായ മുഴുവൻ ജനങ്ങൾക്കും നൽകുന്നില്ല.?
3. ജനാധിപത്യ വ്യവസ്ഥിയിൽ പഞ്ചായത്ത് എന്നാൽ, ആ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പ് വരുത്തണം. എന്നാൽ 2020 തങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് മാത്രം നൽകുന്ന, ഈ ഔദാര്യം ജനാധിപത്യമല്ല രാജാധിപത്യമാണ്. ജനാധിപത്യത്തിൽ ഔദാര്യമല്ല, അവകാശമാണുള്ളത്.
4. 20 20 യുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിലൊ വീഡിയോകളിലോ പ്രസ്ഥാവനകളിലോ ഒരിടത്തും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റോ, അവിടത്തെ ജന പ്രതിനിധികളോ ഇല്ല. സിംഗപ്പൂർ ആക്കി എന്ന് പറയപ്പെടുന്ന കിഴക്കമ്പലത്തെ കുറിച്ച് അവരല്ലേ ശരിക്കും ജനങ്ങളോട് സംസാരിക്കേണ്ടത്. അവരെയെല്ലാം അപ്രസക്തമാക്കി ഒരു കമ്പനിയുടെ മുതലാളി കിഴക്കമ്പലം പഞ്ചായത്തിനെ കുറിച് സംസാരിക്കുന്നതിൽ നിന്ന് നാം എന്ത് മനസ്സിലാക്കണം?
5. കമ്പനി മുതലാളി പഞ്ചായത്ത് പ്രസിഡന്റോ ജനപ്രതിനിധിയോ ആണോ? പിന്നെ എന്ത് കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെ അപ്രസക്തമാക്കി മുതലാളി സംസാരിക്കുന്നു. പഞ്ചായത്ത് മുതലാളിയുടെ ചൊല്പടിക്ക് നിൽക്കുന്ന ഒരു ചട്ടുകം ആണെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം.
6. കിഴക്കമ്പലം പഞ്ചായത്തിൽ നൽകുന്ന ചില്ലറ ആനുകൂല്ല്യങ്ങൾ പഞ്ചായത്ത് വകയല്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് ഒരു സുപ്രഭാതത്തിൽ നിർത്താൻ മുതലാളിക്ക് തോന്നിയാൽ കാർഡ് വാങ്ങിയ പാവം ജനത പെരുവഴി. മുതലാളി നിർത്തി എന്ന് പറഞ്ഞു മുതലാളിക്ക് എതിരെ സമരം ചെയ്യുവാനും കഴിയില്ല.
7. 2013 ന് മുമ്പ് എന്തെ മുതലാളിക്ക്,ജനങ്ങളെ ഇങ്ങനെ സേവിച്ച് കളയാം എന്ന് തോന്നിയില്ല. അതാണ് ബഹുരസം. തമിഴ് നാട്ടിൽ നിന്ന് മലിനീകരണ നിയന്ത്രണ ഉപാധികൾ പാലിക്കപ്പെടാത്തത് കൊണ്ട് കോടതി ഉത്തരവ് പ്രകാരം പൊളിച്ച് മാറ്റേണ്ടി വന്ന bleaching യൂണിറ്റുകൾ കിഴക്കമ്പലത്ത് സ്ഥാപിക്കാൻ അന്നത്തെ ഭരണസമിതി അനുവാദം നൽകാതിരുന്നപ്പോൾ മാത്രമാണ് മുതലാളിയുടെ ധാർമിക സേവന ബോധം ഉണർന്നതെന്ന് പരസ്യമായ രഹസ്യം.
8. കോടികൾ മുടക്കി പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാൾ ആ കോടിയിൽ നിന്ന് കിട്ടുന്ന പലിശ കാശ് മതി കിഴമ്പലത്ത് ചില പൊടിക്കൈകൾ ഒപ്പിച്ച് ഭരണം പിടിക്കാൻ എന്ന് മനസ്സിലാക്കിയ മുതലാളി കിഴമ്പലത്തെ വിലക്ക് വാങ്ങി എന്ന് പൊതുജന സംസാരം. 200 കോടിയിൽ അധികം മുടക്ക് വരുന്ന പ്ലാന്റിനെക്കാൾ ഇച്ചിരി ചില്ലറ പലചരക്കും പച്ചക്കറിയും കുറച്ച് വീടും വെച്ച് കൊടുത്താൽ ജനം കാലിൽ വീഴുമെന്ന് മുതലാളിക്കും മനസ്സിലായി.
9. ഏതായാലും കള്ളികൾ മുഴുവൻ ഇപ്പോൾ വെളിച്ചത്തായി. കിഴക്കമ്പലം പോലും കൈ വിടുന്ന മട്ടായി. പിന്നെയല്ലേ മറ്റ് പഞ്ചായത്തുകൾ. ആനുകൂല്യം വാങ്ങുന്നവർ തന്നെ അവഗണിക്കുന്നു എന്ന് മുതലാളി രോഷത്തോടെ പറയുന്ന വീഡിയോ കൂടി പുറത്ത് വന്നതോടെ ജനങ്ങൾക്ക് തലക്ക് വെളിവ് വെച്ച് തുടങ്ങി. ജനാധിപത്യത്തിൽ ഔദാര്യമില്ല. അവകാശമാണുള്ളത്. ഔദാര്യം തരുന്നവൻ കണക്ക് പറയും. തിരിച്ച് നന്ദി കാണിച്ചില്ലേൽ അവൻ രോഷം കൊള്ളും. പക്ഷെ അവകാശത്തിൽ അതിന് പ്രസക്തി ഇല്ല.
10. മുതലാളി ഔദാര്യം നൽകിയവർ മുതലാളിയുടെ ചൊല്പടിക്ക് നിൽക്കണം എന്നാണ് പ്രമാണം എന്ന് പറഞ്ഞു കേൾക്കുന്നു. അവർ കല്യാണത്തിനു ആരെ വിളിക്കണം, ഒരു അപകടം നടന്നാൽ പോലും അത് മുതലാളിക്ക് ഇഷ്മില്ലാത്ത ആൾ ആണെങ്കിൽ സഹായിച്ചാൽ മുതലാളി കോപിക്കുന്ന അവസ്ഥ വന്നാൽ എന്ത് ചെയ്യും. കുടുംബ ബന്ധങ്ങൾ പോലും മുതലാളി തീരുമാനിക്കുന്ന നിലയിലേക്ക് വന്നാൽ സംഗതി കട്ട പൊക.
11. കഴിഞ്ഞ പ്രാവശ്യം ജനങ്ങൾ ക്ക് ഒന്നും അറിയില്ലായിരുന്നു. കുറച്ച് പലചരക്കും പച്ചക്കറിയും മുട്ടയും കിട്ടിയപ്പോൾ അവർ അടിതെറ്റി. വീണ്ടും അടി തെറ്റാൻ ഞങ്ങളില്ല എന്ന് ഏതാണ്ട് അവർ തീർച്ചയാക്കി.
12. വാർഡുകളിൽ കാർഡ് വാങ്ങിയവരെ ചേർത്ത് ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആനുകൂല്യങ്ങളെ കുറിച്ച് ചോദ്യം ഉയർന്നാൽ ഗ്രൂപ്പ് കൾ അഡ്മിൻ ഒൺലി ആക്കി മാറ്റും എന്നും . മുതലാളി ഇറക്കുന്ന ഇണ്ടാസ് അനുസരിച്ചു ജീവിക്കണം. അത്ര തന്നെ. വേണേൽ കൊണ്ട് പോയി നക്കി തിന്നോ, വല്ലാണ്ട് ചോദ്യങ്ങൾ വേണ്ട എന്ന നയം.
13. മുതലാളി യുടെ ഈ നയം കാരണം താത്പര്യ പൂർവ്വം അതിൽ ചേർന്ന പലരും പടിയിറങ്ങി. പെട്ട് പോയ കുറച്ച് പാവങ്ങളുണ്ട് അതിൽ.
14. സിങ്കപ്പൂർ മോഡൽ ആക്കി എന്ന് പറയപ്പെടുന്ന റോഡുകളിൽ കൂടി ഒന്ന് യാത്ര ചെയ്യാൻ എല്ലാവരെയും കിഴക്കമ്പലത്തേക്ക് ക്ഷണിക്കുന്നു. നടു ഓടിയാതെ പോയാൽ ഭാഗ്യം. കുറച്ച് മുഖ്യപാതകൾ മുഖം മിനുക്കി ബാക്കിയുള്ളവ കുണ്ടും കുഴിയും..
15. 1000 ഏക്കറിൽ കൃഷി ഇറക്കി എന്ന രീതിയിൽ നമ്മുടെ സിനിമ ലോകത്തെ ചില മഹാന്മാരെ വെച്ച് വലിയ പ്രചാരണം ആണ്. എന്നാൽ എത്ര ഏക്കർ കമ്പനിയുടെ മാലിന്യത്തിനു ഇരയാകുന്നു എന്ന് ആരും നിങ്ങളോട് വിളിച്ച് പറയാൻ ഉണ്ടാകില്ല
ഇതൊക്കെയാണ് കിഴക്കമ്പലത്തെ അവസ്ഥ
പിന്നെയെങ്ങനെ മറ്റ് പഞ്ചായത്തുകളുടെ കാര്യം കൂടി മുതലാളി നോക്കും. അത് കൂടി പരിശോധിക്കാം.
1. ഭരണമുള്ള കിഴമ്പലത്ത് തന്നെ വലിയൊരു ശതമാനം ജനങ്ങൾക്ക് ആനുകൂല്ല്യങ്ങൾ കിട്ടുന്നില്ല. പിന്നെയല്ലേ ഭരണം ഇല്ലാത്ത കുന്നത്തനാട് അടക്കമുള്ള മറ്റ് പഞ്ചായത്തുകൾ.
2. നിലവിലെ അവസ്ഥ വെച്ച് മറ്റ് പഞ്ചായത്തുകളിൽ വല്ല കഷ്ട കാലത്തിനു ഒരു വാർഡ് എങ്ങാനും ജയിച്ചാലും അവർക്ക് ആ പഞ്ചായത്തിൽ നിന്ന് 2020 ആനുകൂല്യം കിട്ടൂല. കാരണം ഭരണം കിട്ടാതെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് മുതലാളി തുടങ്ങാൻ 101 ശതമാനവും സാധ്യത ഇല്ല. മറ്റ് പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ള ഒരാൾക്ക് എങ്ങനെ കിഴക്കമ്പലം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ നൽകും. അവിടെയുള്ളവർക്ക് പോലും കൃത്യമായി നൽകുന്നില്ല.
3. കുന്നത്ത്നാട്ടിൽ UDF – റേഷൻ കാർഡ് ഉള്ളവർക്ക് എല്ലാം ഭക്ഷ്യ സുരക്ഷാ ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചതോടെ കുന്നത്തനാട്ടിൽ മാങ്ങ പഴുക്കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായി.
2020 യും ബി ജെ പി യും തമ്മിൽ എന്തോ ഒന്ന് ചീഞ്ഞു നാറുന്നു എന്നും പറച്ചിലുണ്ട്
ബി ജെ പി യുടെ കരുത്തരായ സാരഥികൾ ഉള്ളിടത്ത് 2020 ക്ക് സ്ഥാനാർഥികൾ ഇല്ല എന്നും പല ബി ജെ പി സ്ഥാനാർഥി കളും ഇപ്പോൾ 2020 യുടെ സ്ഥാനാർഥികൾ ആയി മത്സരിക്കുന്നുമുണ്ട് എന്നതാണ് പൊതുജന സംസാരം. മാത്രവുമല്ല ബി ജെ പി അനുഭാവികൾക്ക് കുടിയേറാൻ പറ്റിയ ഒരിടമായും മാറുന്നു. അല്ലാതെ ബി ജെ പി ക്ക് ക്‌ളച്ച് പിടിക്കാൻ ഒരു സാധ്യതയും ഇല്ല. ഇനി ഭാവിയിൽ ഒന്നാകെ ബി ജെ പി യിലേക്ക് പോയാലും അത്ഭുതമില്ല.
മാത്രവുമല്ല ജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ, ഫാസിസം, വർഗീയത, പൗരത്വ സമരങ്ങൾ, സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്ന ആയിരക്കണക്കിന് സംഭവങ്ങൾ ഇതിലൊന്നും ഒരക്ഷരം മിണ്ടാത്ത തികഞ്ഞ അരാഷ്ട്രീയ സംഘം.
ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ചർച്ച ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത കുടിയാൻ – തമ്പ്രാ കോളനികൾ നാടുകളിൽ ഉയർന്നു വരണം എന്ന് ആഗ്രഹിക്കുന്നവർ അറിയുക, ലോക ചരിത്രത്തിൽ നടന്ന പോരാട്ടങ്ങളിൽ ബഹുഭൂരിഭാഗവും നടന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യൻ ജനത ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പട്ടിണി കിടന്നത് കൊണ്ടല്ല നാം കലാപക്കൊടി ഉയർത്തിയത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നാണ് നാം അതിനെ വിളിക്കുന്നത്. സ്വാതന്ത്ര്യം , അതിന് മുകളിലല്ല ഒന്നും… തിരിച്ചറിവുണ്ടാവുക..
Arshad Peringala
(കിഴക്കമ്പലം പഞ്ചായത്തിന് സമീപം ഉള്ള കുന്നത്ത്നാട് പഞ്ചായത്തിൽ നിന്നുള്ള ഒരു പൗരൻ )
അർഷാദ് പെരിങ്ങലയുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം.