പണം പിൻവലിച്ചാലും ബാലൻസ് കുറയാത്ത ട്രെഷറി സോഫ്റ്റ് വെയർ മാജിക് തുടരുന്നു; സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പാഴ്വാക്കായി

single-img
3 December 2020

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവം പുറത്തുവന്നതിനു പിന്നാലെ ട്രഷറി സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പാഴായി. ട്രഷറി അക്കൌണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലെ തകരാറാണ് ബിജുലാൽ മുതലെടുത്തത്‌. ഇത് കാരണം വീണ്ടും ഒരാള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ തുക ട്രഷറി അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചു.

തിരുവനന്തപുരം ജില്ലാ ട്രഷറിയിലാണ് സംഭവം നടന്നത്. അക്കൗണ്ടില്‍ 5, 94, 846 ലക്ഷം രൂപ ഉണ്ടായിരുന്നയാള്‍ പിന്‍വലിച്ചത് 5,99,000 രൂപ. അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിന്‍വലിക്കാനാകില്ലെന്ന രീതിയല്ല, മറിച്ച് കൂടുതല്‍ തുക പിന്‍വലിച്ചാല്‍ അക്കൗണ്ട് ഉടമയുടെ പേരില്‍ മൈനസായി കാണുമെന്നേയുള്ളൂ.

ഇതിലൂടെ കഴിഞ്ഞ മാസം മൂന്നിന് ട്രഷറി അക്കൗണ്ടില്‍ നിന്ന് 4,154 രൂപ നഷ്ടമായി. ഒരു മാസം മുമ്പ് നടന്ന ഈ പണം നഷ്ടപ്പെടല്‍ ഇന്നലെയാണ് തിരിച്ചറിഞ്ഞത്.

സോഫ്റ്റ് വെയറിലെ ഈ പ്രശ്‌നങ്ങള്‍ ഉപയോഗിച്ചാണ് വഞ്ചിയൂര്‍ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന എം.ആര്‍. ബിജുലാല്‍ ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തത്. അത് പുറത്തുവന്നതിനെ തുടര്‍ന്ന് സോഫ്റ്റ് വെയര്‍ ഓഡിറ്റ് നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവം കാണിക്കുന്നത്.