യോഗി ആദിത്യനാഥിനെ പൊട്ടിത്തെറിപ്പിച്ച് വധിക്കുമെന്ന് ഭീഷണി; പഠിപ്പിൽ മിടുക്കനായ പത്താംക്ലാസ്സുകാരൻ അറസ്റ്റിൽ

single-img
30 November 2020

സംസ്ഥാന ഹെൽപ് ലൈൻ നമ്പറിലേക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൊട്ടിത്തെറിപ്പിച്ച് വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച പത്താംക്‌ളാസുകാരനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ പതിനഞ്ചുകാരനാണ് അറസ്റ്റിലായത്. ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൊട്ടിത്തെറിപ്പിക്കും എന്നായിരുന്നു സന്ദേശം.

ഹെൽപ് ലൈൻ ഡെസ്കിൽ ജോലിക്കുണ്ടായിരുന്ന അൻജുൽ കുമാർ എന്ന പൊലീസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്‍റെയും സർവെയ്ലന്‍സ് ടീമിന്‍റെയും സഹായത്തോടെ സന്ദേശം വന്ന നമ്പർ ട്രേസ് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുറ്റവാളിയെ തിരിച്ചറിയുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ലക്നൗവിലെ ജുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

അതേസമയം മകൻ പൊലീസ് പിടിയിലായതിന്‍റെ ഞെട്ടലിലാണ് കുട്ടിയുടെ കുടുംബം. പഠിപ്പിൽ മിഠുക്കനായ, ശാന്തസ്വഭാവിയായ മകൻ ഇത്തരമൊരു കൃത്യം നടത്തിയെന്ന വിവരം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇവർ അറിയുന്നത് തന്നെ. ‘പത്താംക്ലാസുകാരനായ മകൻ വളരെ മിഠുക്കനാണ്. പഠനത്തിന് പുറമെ വോളിബോളിലും സംവാദ പരിപാടികളിലും സജീവമായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ‘ അവൻ വളരെ ചെറുപ്പമാണ്. പുറം ലോകത്തെക്കുറിച്ച് വലിയ ധാരണ പോലുമില്ല. ഏത് സാഹചര്യത്തിലാണ് അത്തരമൊരു സന്ദേശം അയച്ചതെന്ന് അറിയില്ല’ എന്നാണ് കുടുബം പറയുന്നത്. കുട്ടി വളരെ നല്ല പ്രകൃതക്കാരനാണെന്ന് നാട്ടുകാരും പറയുന്നുണ്ട്.

‘ഒരു പത്താംക്ലാസ് വിദ്യാര്‍ഥിയെ സംസ്ഥാനത്തിന്‍റെ ശത്രു ആക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവന് കൗണ്‍സിലിംഗ് നൽകിയാൽ മതിയായിരുന്നു. അല്ലെങ്കില്‍ തെറ്റും ശരിയും പറഞ്ഞ് നൽകിയാൽ മതിയാരുന്നു’ എന്നാണ് സഹോദരൻ പറഞ്ഞത്. പൊലീസുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. അതും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഒരു സന്ദേശം ഔദ്യോഗിക നമ്പറിലേക്ക് വന്ന സാഹചര്യത്തിൽ. പ്രഥമദൃഷ്ട്യാ ആ കുട്ടി കുഴപ്പക്കാരനല്ലെന്നാണ് തോന്നുന്നത് എന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.