റെയ്ഡ് ഉന്നതരുടെ അറിവോടെ; കെ.എസ്.എഫ്.ഇയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെ മിന്നല്‍ പരിശോധന നിർദ്ദേശം; മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം

single-img
30 November 2020

വെള്ളിയാഴ്ച നടന്ന കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്ഡ് ദിവസങ്ങളോളം നടന്ന രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷം. വിജിലന്‍സ് സെക്രട്ടറി സഞ്ജയ്കൗളിന്‍റെ അറിവോടെയാണ് കെ.എസ്.എഫ്.ഇ യിലെ വിജിലന്‍സ് റെയ്ഡ് നടന്നത്. കെ.എസ്.എഫ്.ഇയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്.

ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തതും.

ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര്‍ ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇക്കാര്യം വിജിലന്‍സിന്‍റെ ചുമതലയുള്ള സെക്രട്ടറിയേയും അറിയിച്ചിരുന്നു. സഞ്ജയ് കൗളിന്‍റെ കൂടി അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. ഒരു കെ.എസ്.എഫ്.ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദേശവും എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ആസ്ഥാനത്തു നിന്നും നല്‍കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം വിജിലന്‍സ് സര്‍ക്കാരിനു ഉടന്‍ കൈമാറും

അതേ സമയം കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെ സി.പി.എമ്മിലും ഇടത് മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പടയൊരുക്കം. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ ഇനി അംഗീകരിക്കാനാവില്ലെന്ന ശക്തമായ സൂചനയാണ് ഇവര്‍ നല്‍കുന്നത്.

സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി എ. വിജയരാഘവന്‍ ആക്ടിംഗ് സെക്രട്ടറിയായി വന്ന ശേഷമാണ് പാര്‍ട്ടിയിലും മുന്നണിയിലും ഈ മാറ്റം സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

റെയ്ഡിന് പിന്നാലെ ധനമന്ത്രിയും ആനത്തലവട്ടം അടക്കമുള്ള സി.പി.എം നേതാക്കളും സി.പി.ഐയും മുഖ്യമന്ത്രിയെയാണ് ലക്ഷ്യം വയ്ക്കുന്നു. പരിശോധനയ്‌ക്കെതിരെ ഇവര്‍ തൊടുത്തുവിട്ട വിമര്‍ശനശരങ്ങള്‍ വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നേരെയാണ് പായുന്നത്.

പൊലീസ് നിയമഭേദഗതി വളരെ പെട്ടെന്ന് പിന്‍വലിക്കേണ്ടിവന്നതിന് പിന്നാലെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. നിയമഭേദഗതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും സര്‍ക്കാരിലും സംസ്ഥാനത്തെ പാര്‍ട്ടിയിലും കേന്ദ്രനേതൃത്വത്തിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

മുഖ്യമന്ത്രി വളെര ദുര്‍ലനായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ധനമന്ത്രിയും ആനത്തലവട്ടത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളും പരസ്യമായി വിമര്‍ശനം നടത്തുന്നത്. സി.പി.എമ്മില്‍ അടുത്തകാലത്തെങ്ങും ഇങ്ങിനെ സംഭവിച്ചിട്ടില്ല.

കേന്ദ്ര അന്വഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നീങ്ങുന്നതിനെതിരെ സി.പി.എം ഒരുമാസമായി സമരം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി പാര്‍ട്ടിയിലും മുന്നണിയിലും പടപ്പുറപ്പാട് നടക്കുന്നത്.

വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് ഇന്ന് ചേരുന്ന സി.പി.എം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചര്‍ച്ച നടത്തും. യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പൊലീസ് നിയമഭേദഗതി ചര്‍ച്ച ചെയ്ത അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇന്നത്തെ യോഗത്തിന് മുഖ്യമന്ത്രി എത്തിയില്ലെങ്കില്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അറിയുന്നു.