ജടായു പദ്ധതി നിക്ഷേപകർക്ക് നേരേ ശാന്തിഗിരി ആശ്രമത്തിൽ വെച്ച് കയ്യേറ്റം; മർദ്ദനം രാജീവ് അഞ്ചലിന്റെ സഹോദരന്മാരുടെ നേതൃത്വത്തിൽ

single-img
28 November 2020
rajeev anchal jadayu

തങ്ങളെ രാജീവ് അഞ്ചൽ(Rajeev Anchal) നിയമവിരുദ്ധമായി പുറത്താക്കിയതിനെതിരെ പരാതി പറയാൻ ശാന്തിഗിരി (Santhigiri) ആശ്രമത്തിലെത്തിയെ ജടായു പാറ ടൂറിസം (Jatayu Project) പദ്ധതിയിലെ നിക്ഷേപകരെ രാജീവ് അഞ്ചലിന്റെ സഹോദരന്മാരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതായി പരാതി.

ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ ദീപുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നൂറോളം വരുന്ന നിക്ഷേപകർ ചടയമംഗലത്തെ ജടായു പാറയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി.

തിരുവനന്തപുരം കോമേഴ്സ്യൽ കോടതിയിൽ രാജീവ് അഞ്ചലിനെതിരെ നിക്ഷേപകർ നൽകിയ പരാതിയിൽ നിക്ഷേപകർക്ക് അനുകൂലമായ വിധിയുണ്ടായിരുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള തർക്കം ആർബിട്രേഷൻ കോടതിക്ക് നൽകണമെന്ന നിക്ഷേപകരുടെ ആവശ്യം അംഗീകരിച്ച കോടതി, അടുത്ത 90 ദിവസത്തിനുള്ളിൽ ആർബിട്രേഷൻ നടപടികൾ തുടങ്ങണമെന്നും, ആ കാലയളവിൽ രാജീവ് അഞ്ചലിനെയും, അദ്ദേഹത്തിന്റെ കമ്പനി ആയ ഗുരുചന്ദ്രികയേയും അതിന്റെ ഉദ്യോഗസ്ഥരെയും പദ്ധതി പ്രദേശത്തു കടക്കുന്നതിൽ നിന്നും തടയുകയും, നിക്ഷേപകരുടെ കമ്പനിയുമായി കരാർ പ്രകാരം ഉള്ള നടത്തിപ്പിന് യാതൊരു വിധ തടസങ്ങൾ ഉണ്ടാക്കരുതെന്നു നിർദേശിക്കുകയും ചെയ്തു.

എന്നാൽ പ്രസ്തുത കോടതിവിധിയെ അടക്കം രാജീവ് അഞ്ചൽ അവഗണിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് തങ്ങൾ ശാന്തിഗിരി ആശ്രമത്തിലും രാജീവ് അഞ്ചലിന്റെ ഭവനത്തിലും പോയതെന്ന് നിക്ഷേപകരുടെ പ്രതിനിധികൾ ഇവാർത്തയോട് പറഞ്ഞു. ആശ്രമത്തിൽ നിന്ന് മടങ്ങുന്നവഴിയിൽ ദീപു എന്ന നിക്ഷേപകൻ ഒറ്റയ്ക്കായിരുന്നുവെന്നും അദ്ദേഹത്തെ രാജീവ് അഞ്ചലിന്റെ ബന്ധുക്കൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും നിക്ഷേപകരുടെ പ്രതിനിധിയായ ജയപ്രകാശ് പറഞ്ഞു. കൊല്ലം ജില്ലയിലെ കോട്ടുക്കൽ സ്വദേശിയായ ദീപു പഞ്ചായത്ത് മെമ്പറും ബിജെപി പ്രവർത്തകനുമാണ്. ദീപുവിനെ ആക്രമിച്ചവരിൽ രാജീവ് അഞ്ചലിന്റെ സഹോദരങ്ങളായ സുധി, അജി, ഭദ്രൻ എന്നിവരും മരുമകനായ ദീപക് സുനിലും ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. ഇവർക്കെതിരെ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

സംസ്ഥാന ടൂറിസം മേഖലക്ക് കേരള സർക്കാർ ബിഒടി വ്യവസ്ഥയിൽ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (ജിബിപിഎൽ) എന്ന കമ്പനിക്ക് 30 വർഷത്തേക്ക് വാടക കരാറിലാണ് പദ്ധതി നൽകിയത്. ജടായുപാറ ടൂറിസം പദ്ധതി സർക്കാരുമായി ചേർന്ന് പൂർത്തിയാക്കാനും നടത്തിപ്പിനുമായി രാജീവ് അഞ്ചലുമായി കരാറിൽ ഏർപ്പെട്ടത് ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎൽ) എന്ന കമ്പനിയായിരുന്നു. എന്നാൽ ഈ കരാർ രാജീവ് അഞ്ചൽ റദ്ദാക്കി. കഴിഞ്ഞ മാർച്ച് 12 നായിരുന്നു അത്.

130 ഓളം വരുന്ന പ്രവാസി നിക്ഷേപകരാണ് ജെടിപിഎൽ കമ്പനിയിൽ പണം മുടക്കിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കിയപ്പോൾ രാജീവ് അഞ്ചൽ തങ്ങളെ പുറത്താക്കി പദ്ധതി പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ രാജീവ് അഞ്ചലും കുടുംബവും നടത്തിയ സാമ്പത്തിക തിരിമറികൾ ജെടിപിഎൽ കണ്ടെത്തിയതിനാലാണ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത് എന്ന് ഇവർ ആരോപിക്കുന്നു.

ജടായുപാറ ടൂറിസം പദ്ധതിയുടെ ശിൽപ്പികൂടിയായ രാജീവ് അഞ്ചലിന്റെയും കുടുംബത്തിന്റെയും പേരിലുളള ആറ് കമ്പനികൾക്ക് എതിരെയായിരുന്നു ഇവരുടെ ആരോപണം. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഇത് സംബന്ധിച്ച് നിക്ഷേപകർ കേസും നൽകുകയായിരുന്നു.

Content: Jatayu investors attcked by kins of Rajeev Anchal at Santhigiri Ashram