ഓര്‍ഡിനന്‍സുകളില്‍ ചരിത്രമായി പോലീസ് നിയമഭേദഗതി നാലാം ദിവസം പിൻവലിച്ചു; പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സിലും ഒപ്പിട്ട് ഗവര്‍ണര്‍

single-img
25 November 2020

വിവാദ പോലീസ് നിയമഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം 118 എ വകുപ്പ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സൈബര്‍ സുരക്ഷയ്ക്ക് പുതിയ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനാണ് നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതിനായി പോലീസ് ആക്ട് ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കി. എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയായിരുന്നു ഭേദഗതി. ഇതോടെയാണ് ദേശീയതലത്തില്‍ വരെ എതിര്‍പ്പുയര്‍ന്നത്. ഇതോടെയാണ് ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനമായത്.

ഒരു പക്ഷെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും ഇത്. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നത്. അതും ഓര്‍ഡിനന്‍സുകളില്‍ ചരിത്രം. ഇത്രയും വേഗം മറ്റൊരു ഓര്‍ഡിനന്‍സിനും ചരമമടയേണ്ടിവന്നിട്ടില്ല. നിയമസഭ ചേരാത്തകാലത്താണ് ഓര്‍ഡിനന്‍സുകള്‍വഴി നിയമമുണ്ടാക്കുന്നത്. പിന്നീട് ഇത് നിയമസഭയില്‍ക്കൊണ്ടുവന്ന് നിയമമാക്കണം. എന്നാല്‍, സഭ നിയമമാക്കാത്തതിനാല്‍ പല ഓര്‍ഡിനന്‍സുകള്‍ക്കും സാധുത നഷ്ടപ്പെട്ടിട്ടുമുണ്ട്.

നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് മുമ്പ് ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണകാലത്ത് 1966-ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വൈദ്യുതിമേഖലാ ജീവനക്കാരുടെയും സമരം അടിച്ചമര്‍ത്താന്‍ കേരള അവശ്യസേവന പരിപാലന ഓര്‍ഡിനന്‍സ് (എസ്മ) നിലവില്‍ വന്നിരുന്നു. ഈ ഓര്‍ഡിനന്‍സ് 1967 ഡിസംബറില്‍ കെ.ആര്‍. ഗൗരിയമ്മ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് റദ്ദാക്കി. ആ ഓര്‍ഡിനന്‍സിന് 45 ദിവസംകൂടിയേ കാലാവധിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനുമുമ്പുതന്നെ ഓര്‍ഡിന്‍സ് റദ്ദാക്കണമെന്ന രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.

Content : Police act amendment cancelling Ordinance signed by governor