മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

single-img
19 November 2020

മുഖ്യമന്ത്രിയുടെ പേര് പറയാൻ തനിക്ക് മേൽ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്ത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തു വന്ന ശബ്ദസന്ദേശത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു.

രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യു.എ.ഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളത്.

സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി പുറത്തു വന്നത്.

പ്രചരിക്കുന്ന സന്ദേശം സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് ഉത്തരം കണ്ടത്തേണ്ടത്. ജയിലില്‍ സ്വപ്നയെ കാണാന്‍ സ്വാധീനമുള്ളവരടക്കം നിരവധി പേര്‍ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.