കോണ്‍ഗ്രസ് വിട്ട നേതാവ് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി

single-img
18 November 2020

കാസർകോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് പാർട്ടി വിട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്നും ജനവിധി തേടുമെന്ന് ഷാനവാസ് മാധ്യമങ്ങളെ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഷാനവാസ് കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ സ്ഥാനാര്‍ത്ഥിയായി ഉദുമ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഷാനവാസ് വിജയിക്കുകയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കുകയുമായിരുന്നു.

കഴിഞ്ഞ തവണ ആകെയുള്ള 17 സീറ്റില്‍ യു.ഡി.എഫ് എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ മുസ്ലിം ലീഗില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് സീറ്റില്‍ എല്‍.ഡി.എഫും രണ്ട് സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ പ്രസിഡണ്ടായി.

രണ്ടര വര്‍ഷം കഴിഞ്ഞ് ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിക്ക് പ്രസിഡണ്ട് സ്ഥാനം കൈമാറാനായിരുന്നു തീരുമാനമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുഞ്ഞാമുഹാജിയുടെ വിയോഗത്തോടെ മകന്‍ ഷാനവാസ് മത്സരിച്ച് വിജയിക്കുകയുമായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗ് തയ്യാറാകാത്തത് ഷാനവാസ് ചോദ്യം ചെയ്തിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഷാനവാസ് ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.