നല്ലയിനം കരിങ്കോഴിക്കുഞ്ഞുങ്ങൾക്ക് ഇനി ധോണിയെ സമീപിച്ചാൽ മതി; കരിങ്കോഴി വളർത്തലിൽ ആകൃഷ്ടനായി മുൻ ക്യാപ്റ്റൻ

single-img
15 November 2020
MS Dhoni kadaknath dhoni kali masi

നല്ലയിനം കരിങ്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ട്രോളന്മാരെ ഫെയ്സ്ബുക്ക് കമന്റ് ബോക്സുകളിൽ നാം കാണാറുണ്ട്. എന്നാൽ ഇത് അവരുടെ കാര്യമല്ല. നല്ലയിനം കരിങ്കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തീരുമാനിച്ചിരിക്കുന്നത് ധോണിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി(Mahendra Singh Dhoni).

മധ്യപ്രദേശിലെ(Madhya Pradesh) ബീലാഞ്ചൽ മേഖലയുടെ തനത് കോഴിയിനമായ കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ അദ്ദേഹം ബുക്ക് ചെയ്തുകഴിഞ്ഞതായാണ് പുതിയ വാർത്ത. ധോണിയുടെ റാഞ്ചിയിലുള്ള ഓർഗാനിക് ഫാമിലേക്ക് 2000 കുഞ്ഞുങ്ങളെയാണ് മധ്യപ്രദേശിൽ നിന്ന് എത്തിക്കുക. 

മധ്യപ്രദേശിലെ ഝാബുവ(Jhabua) ജില്ലയിലെ കർഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും. ആദിവാസി മേഖലയായ ഝാബുവയിൽ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത. മധ്യപ്രദേശിന്റെ തനത് കോഴിയിനമായ കരിങ്കോഴിക്ക് (കഡക്നാഥ് കോഴി-Kadaknath Chicken, also called Kali Masi) ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡുമായി നീണ്ടനാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്.

തന്റെ 43 ഏക്കർ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളർത്തലുമെല്ലാം ഉൾപ്പെടുന്ന ഫാമാണിത്. സഹിവാൾ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികൾ. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി–താറാവ് എന്നിവയും ഇവിടുണ്ട്.