ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസും വിജിലൻസും; ഇഡി കേസിൽ ജാമ്യം ലഭിച്ചാലും മറ്റൊരു അറസ്റ്റുണ്ടാകും

single-img
15 November 2020

കള്ളപ്പണ കടത്തിന് (money laundering) സംസ്ഥാനത്ത് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ(Shivasankar)നെ കാത്തു പുതിയ അറസ്റ്റുകൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) കള്ളപ്പണ കടത്തു കേസിൽ റിമാൻഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വർണ-ഡോളർ കടത്ത് കേസുകളിൽ പ്രതിചേർക്കാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തികകുറ്റകൃത്യകേസുകൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ടുനൽകാനാണ് നീക്കം. തിങ്കളാഴ്ചതന്നെ ശിവശങ്കറെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതിതേടി സംസ്ഥാന വിജിലൻസും കോടതിയെ സമീപിച്ചേക്കും. ഇ.ഡി. കേസിൽ ശിവശങ്കറിന്റെ ജാമ്യഹർജിയിൽ വിധിവരുന്നത് ചൊവ്വാഴ്ചയാണ്. ജാമ്യം ലഭിച്ചാലും മറ്റൊരു ഏജൻസിയുടെ അറസ്റ്റുണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കോടതിയിൽ ചോദ്യംചെയ്യാനായി നൽകിയ റിപ്പോർട്ടിൽ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടു ശിവശങ്കർ സംശയത്തിന്റെ നിഴലിലാണെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ ശിവശങ്കറിന്റെ യഥാർഥ ഇടപെടൽ എന്തെന്ന് നിർണയിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം ഇക്കാര്യത്തിൽ കസ്റ്റംസ് തീരുമാനമെടുക്കും. ഡോളർക്കടത്തുകേസിനെക്കുറിച്ചും ശിവശങ്കറോട് ചോദ്യങ്ങളുണ്ടാകും. ഈകേസിലും പ്രതിചേർക്കാനുള്ള കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

കള്ളക്കടത്തുകേസിൽ കുറ്റകൃത്യവുമായി ഏതെങ്കിലുംരീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിചേർക്കാം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ലോക്കർ ഇടപാടുകളും സ്വർണക്കടത്തുകേസിൽ പ്രതിചേർക്കാൻ തക്ക തെളിവുകളാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഡോളർക്കടത്തുകേസിൽ ഇന്ത്യൻ രൂപ യു.എസ്. ഡോളറാക്കി മാറ്റാൻ ശിവശങ്കർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. രണ്ടുകേസിലും പ്രതിചേർക്കാൻ അനുമതി ലഭിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.

അതേസമയം ലൈഫ് മിഷൻ ക്രമക്കേട് കേസിൽ ശിവശങ്കറെ പ്രതിചേർക്കാനുള്ള ആലോചനയിലാണ് സംസ്ഥാന വിജിലൻസും. ജയിലിൽ ചോദ്യംചെയ്തശേഷം ഇതിൽ തീരുമാനമെടുക്കും.