മഹാസഖ്യത്തില്‍ കാര്യമായ നേട്ടമില്ലാതെ കോണ്‍ഗ്രസ്; പഴയ കാല സ്വാധീനം തിരിച്ചുപിടിച്ച് ഇടത് പക്ഷം

single-img
10 November 2020

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരവേ മഹാസഖ്യം പിന്നോട്ടുപോകുമ്പോൾ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പഴയ ആവേശം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാനത്തെ മത്സരിച്ച 29 സീറ്റുകളിൽ 18 സീറ്റുകളിലും ഇടതുപക്ഷം ഇപ്പോഴും ലീഡ് നിലനിര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമീപ ഭാവിയിൽ കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടതുപക്ഷത്തിന് എന്തുകൊണ്ടും ആവേശം നൽകുന്നതാണ് ബീഹാറിലെ ഈ മുന്നേറ്റം. നെടുംതൂണായി മഹാസഖ്യത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് പാർട്ടിക്ക് കാര്യമായ മുന്നേറ്റംഉണ്ടാക്കാനായില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാക്കുന്നത്. സമൂഹത്തിലെ സാധാരണക്കാരായ കര്‍ഷകര്‍ക്കും ആദിവാസി-ദളിത് വിഭാഗങ്ങൾക്കിടയിലും ഉള്ള പഴയ സ്വാധീനം തിരിച്ചുപിടിക്കുകയാണ് ബീഹാറിൽ ഇടതുപക്ഷം.

സംസ്ഥാനത്ത് 19 സീറ്റിൽ മത്സരിച്ച സിപിഐ എംഎൽ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പടെ 11 സീറ്റുകളിലും സിപിഐ- സിപിഎം പാര്‍ട്ടികൾ ഏഴിടത്തും വോട്ടുകള്‍ എണ്ണുമ്പോള്‍ മുന്നേറ്റമുണ്ടാക്കി. നാല് സീറ്റുകളില്‍ മത്സരിച്ച സിപിഎം മൂന്നിടത്തും, ആറ് സീറ്റിൽ മത്സരിച്ച സിപിഐ നാലിടത്തും ഇപ്പോഴും ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ഒരുപക്ഷെ ഈ മുന്നേറ്റം ഇടതുപക്ഷ ഐക്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്, അവര്‍ക്ക് സിറ്റിംഗ് സീറ്റുകളിൽ പലതും ഇപ്പോള്‍ തന്നെ നഷ്ടമായി. 27സീറ്റുകളിൽ നിന്ന് സീറ്റ് നില 20താഴേക്ക് ക്രമേണ ചുരുങ്ങുകയാണ്.