ബീഹാറിൽ ഫല പ്രഖ്യാപനം വൈകും; ആദ്യ വിജയം സ്വന്തമാക്കിയത് ആർജെഡി

single-img
10 November 2020

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിൽ ആർജെഡിക്ക് ആദ്യ ജയം സ്വന്തം. സംസ്ഥാനത്തെ ദർഭംഗ റൂറൽ അസംബ്ലി മണ്ഡലത്തിലാണ് ആർജെഡി സ്ഥാനാർത്ഥിയായ ലളിത് കുമാർ യാദവ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഇദ്ദേഹം ഇവിടെ ജെഡിയുവിന്റെ ഫറസ് ഫത്‌മിയെയാണ് പരാജയപ്പെടുത്തിയത്. ജയിച്ച ലളിത് കുമാർ യാദവിന് 64694 വോട്ട് ലഭിച്ചപ്പോൾ ഫറസിന് 62675 വോട്ടും കിട്ടി.

എൻഡിഎ മുന്നണിയിൽ നിന്ന് പിണങ്ങിപ്പോയ ചിരാഗ് പാസ്വാന്റെ എൽജെപി ഇവിടെ മൂന്നാം സ്ഥാനത്തെത്തി. ഈ മൂന്നാം സ്ഥാനം എൻഡിഎ സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
അതേസമയം സംസ്ഥാനത്ത് പൂർണ്ണമായ രീതിയിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നത്.

ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്താകെ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ. അതായത് 69 ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. കൊവിഡ് മാർഗ നിർദ്ദേശ ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകളിൽ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആകെ നാല് കോടി വോട്ടുകൾ എണ്ണാനുണ്ട് എന്നിരിക്കെ ഇതിന്റെ 31 ശതമാനം മാത്രമേ ഇപ്പോൾ എണ്ണിത്തീർന്നുള്ളൂ. ഇത് ചിലപ്പോൾ ഇപ്പോഴത്തെ ലീഡ് നിലയിൽ മാറ്റങ്ങൾ വലിയ തോതിൽ ഉണാക്കാനും സാധ്യതയുണ്ട്.