മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം; വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

single-img
9 November 2020

സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ‘വോഗ് ഇന്ത്യ’യുടെ ഇന്ത്യൻ പതിപ്പിലെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ശോഭ പ്രതികരണം അറിയിച്ചത്.

ഒരു സ്ത്രീക്ക് അംഗീകാരം ലഭിക്കുമ്പോൾ അവരെ അനുമോദിക്കുവാൻ രാഷ്ട്രീയ കാരണങ്ങൾ തടസമായി നിൽക്കാൻപാടില്ല എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ശോഭ മന്ത്രി ശൈലജയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

“മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തിൽ പാലിച്ച നിഷ്‌ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? “- ശോഭാ സുരേന്ദ്രൻ ചോദിക്കുന്നു.

കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനിൽക്കുന്ന സർക്കാരിനെ പ്രതിരോധിക്കാൻ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്ക് നിൽക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട് എന്ന് ചോദിച്ചാണ് ശോഭ സുരേന്ദ്രൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

https://www.facebook.com/SobhaSurendranOfficial/posts/2164920496965112