സോളാർ ലൈംഗിക പീഡനക്കേസ് വീണ്ടും സജീവമാക്കി ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാൻ എ. പി അനിൽകുമാർ എംഎൽഎയെ ഉടൻ വിളിച്ചു വരുത്തും

single-img
6 November 2020

സോളാർ ലൈംഗിക പീഡനക്കേസ് സജീവമാക്കി ക്രൈംബ്രാഞ്ച്. സ്വര്‍ണക്കടത്തു കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കെ, സോളാര്‍ പീഡന കേസുകള്‍ വീണ്ടും സജീവമാക്കി. ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് ശനിയാഴ്ച പൊലീസ് പൂര്‍ത്തിയാക്കി. കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസിൽ അരോപണ വിധേയനായ മുൻ മന്ത്രി എ. പി അനിൽകുമാർ എംഎൽഎയെ ഉടൻ വിളിച്ചു വരുത്തും.

ജോസ് കെ മാണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കാത്തതിന്റെ കാരണം തനിക്കറിയില്ലെന്ന് മൊഴി നല്‍കാന്‍ കൊല്ലം കമ്മിഷണര്‍ ഓഫിസില്‍ എത്തിയ പരാതിക്കാരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2017ല്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പീഡന പരാതികള്‍ക്ക് ഒരിടവേളയ്ക്ക് ശേഷം സോളാർ പീഡന കേസ് വീണ്ടും സജീവമാവുകയാണ്.

കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ ലൈംഗിക പീഡന പരാതികളിലാണ് ക്രൈംബ്രാഞ്ച് നിർണായക നടപടികളിലേക്ക് കടക്കുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ തെളിവെടുപ്പ് ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മുൻ മന്ത്രി എ. പി അനിൽ കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകാതെ നോട്ടീസ് നൽകും. മന്ത്രിയായിരുന്ന സമയത്തെ അനിൽകുമാറിന്റെ യാത്രാ വിവരങ്ങൾ വിശദമായി ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മറ്റ് ആരോപണ വിധേയരെയും വിളിച്ചു വരുത്തിയേക്കും. തെളിവെടുപ്പ് നടപടികൾ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, നേരത്തെ കോൺഗ്രസിലായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് കേസുകൾ.

ജോസ് കെ മാണിയ്‌ക്കെതിരെ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. പുതിയ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരിയും പൊലീസും പറയുന്നു. പക്ഷേ സ്വര്‍ണക്കടത്ത് കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സോളാര്‍ പീഡന കേസുകള്‍ വീണ്ടും സജീവമാകുന്നത് എന്ന വസ്തുത പ്രസക്തമാണ്

Content : Solar sexual harassment case