ദീപാവലി: ഓഡീഷയില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
4 November 2020

ഓഡീഷയില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍.
പടക്കങ്ങള്‍ ഉപയോഗിക്കാനും വില്‍ക്കാനും പാടില്ല എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഈ മാസം 10 മുതൽ 30 വരെയാണ് പടക്കങ്ങള്‍ നിരോധിച്ചിരിക്കുന്നത്.

കൊവിഡ് വൈറസ് വ്യാപനം കൂടുന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ‘കോവിഡ്എന്ന മഹാമാരിയുടെയും ശൈത്യകാലത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഈ മാസം 10 മുതൽ 30 വരെ പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചിരിക്കുന്നു’, സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിഷ വാതകങ്ങളായ നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ കൊവിഡ് രോഗികള്‍ക്കും വീടുകളില്‍ ഐസൊലേഷനിൽ കഴിയുന്നവര്‍ക്കും ആരോഗ്യപരമായി ദോഷമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ആരെങ്കിലും ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ സംസ്ഥാന ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തവണ വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കാനും സർക്കാർ നിർദേശിച്ചു.