ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടായാലും സമാജ് വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് മായാവതി

single-img
29 October 2020
UP MLC election BJP Mayawati news

ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടായാലും ഉത്തർ പ്രദേശ് നിയസഭയുടെ ഉപരിസഭയിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിൽ (Uttar Pradesh Legislative Council Elections) സമാജ് വാദി പാർട്ടി (Samajwadi Party-SP) സ്ഥാനാർത്ഥികളെ തോൽപ്പിക്കുമെന്ന് ബഹുജൻ സമാജ് വാദി പാർട്ടി(Bahujan Samajwadi Party-BSP) അദ്ധ്യക്ഷയും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതി(Mayawati).

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിഎസ് പിയും എസ് പിയും സഖ്യമായാണ് മത്സരിച്ചത്. ഈ സഖ്യത്തിനായി 1995-ൽ താൻ സമാജ് വാദി പാർട്ടിയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ചത് അബദ്ധമായിപ്പോയെന്നും മായാവതി പറഞ്ഞു.

“വരാൻ പോകുന്ന എംഎൽസി (MLC-Member of Legislative Council) തെരെഞ്ഞെടുപ്പിൽ എസ് പി യുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇതിനായി ഞങ്ങളുടെ എല്ലാ ഊർജ്ജവും ഞങ്ങൾ വിനിയോഗിക്കും. ഇതിനായി ബിജെപിയുടേയോ അതുപോലെ മറ്റേതെങ്കിലും പാർട്ടിയുടെയോ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യേണ്ടിവന്നാൽ അതും ഞങ്ങൾ ചെയ്യും. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സാധ്യതയുള്ള ഏത് എതിർസ്ഥാനാർത്ഥിയ്ക്കും ബി എസ് പി എം എൽ മാരുടെ വോട്ട് ലഭിക്കും.”

മായാവതി വാർത്താ ഏജൻസിയായ എഎൻഐയോട് (News Agency ANI) പറഞ്ഞു.

“ഇതിൽക്കൂടുതലായി എന്താണ് പറയാനുള്ളത്?” എന്നായിരുന്നു മായാവതിയുടെ പ്രസ്താവനയുടെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വധ്ര പരിഹാസരൂപേണ ചോദിച്ചത്.

ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റിവ് കൌൺസിൽ പാർലമെന്റിലെ രാജ്യസഭ പോലെയാണ്. ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന 10 പേർ, എം എൽ എമാർ വോട്ട് ചെയ്ത് തെരെഞ്ഞെടുക്കുന്ന 38 പേർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ വോട്ട് ചെയ്ത് തെരെഞ്ഞെടുക്കുന്ന 36 പേർ, അധ്യാപകർ തെരെഞ്ഞെടുക്കുന്ന 8 പേർ, ബിരുദധാരികൾ തെരെഞ്ഞെടുക്കുന്ന 8 പേർ എന്നിവരാണ് ഈ ഉപരിസഭയിലുള്ളത്.

ഇതിൽ എംഎൽഎമാർ തെരെഞ്ഞെടുക്കുന്ന 12 എംഎൽസിമാരുടെ കാലാവധി അടുത്തവർഷം ജനുവരിയിൽ അവസാനിക്കും. അപ്പോൾ ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിലാണ് സമാജ് വാദി പാർട്ടിയ്ക്കെതിരായി വോട്ട് ചെയ്യുമെന്ന് മായാവതി പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കുന്ന ബി എസ് പി സ്ഥാനാർത്ഥി രാംജി ഗൌതമിനെ നാമനിർദ്ദേശം ചെയ്ത പത്ത് ബിഎസ് പി എംഎൽഎമാർ നാമനിർദ്ദേശപ്പത്രികയിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇവർ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതാണ് മായാവതിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Content: Will even vote for BJP to defeat Samajwadi Party candidate: Mayawati on UP MLC polls