പശുവിനെ കൊല്ലുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


പശുവിനെ കൊല്ലുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
യു.പിയിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് യോഗിയുടെ പരാമർശം. നവംബർ മൂന്നിന് സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.
പശുവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടക്കും. പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകൾ നിർമിക്കും. പശുക്കളുടെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും യോഗി പറഞ്ഞു.
സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ഗൗരവമേറിയ നിരീക്ഷണം അലഹാബാദ് ഹൈകോടതി നടത്തിയിരുന്നു. നിരപരാധികൾക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
നിരപരാധികൾക്കെതിരെ മനപ്പൂർവം നിയമം ചുമത്തുകയാണ്. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. റഹ്മുദീന്റെ കേസിലും മാംസത്തിന്റെ ഫോറൻസിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീൻ തടവിലാണ്. ഇയാൾ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറിൽ വ്യക്തമായ പരാമർശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈകോടതി തീരുമാനിച്ചത്. റോഡുകളിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഹൈകോടതി നിരീക്ഷിച്ചു