ലോകമാകെയുള്ള മുസ്ലിം വംശജർ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം; ഫ്രഞ്ച് പ്രസിഡന്റിനെതിരെ ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധം

single-img
28 October 2020

പ്രവാചകനായ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ് വിവാദത്തിൽ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ബംഗ്ലാദേശിലെ ധാക്കയിൽ 40,000 ത്തോളം പേർ പങ്കെടുത്ത വലിയ പ്രതിഷേധ റാലി നടന്നു. ലോകമാകെയുള്ള മുസ്ലിം വംശജർ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിൽ നിന്നും ഫ്രാൻസ് പിന്മാറണമെന്നും പ്രതിഷേധത്തില്‍ ഇസ്ലാമി ആന്തോളൻ ബംഗ്ലാദേശ് നേതാക്കൾ ആവശ്യപ്പെട്ടു.

‘ ജനങ്ങള്‍ ഫ്രാൻസിനെ ബഹിഷ്കരിക്കുക ‘, ‘ ലോകത്തെ മുസ്ലീങ്ങൾ ഒരുമിക്കുക’, ‘ ഇസ്ലാമോഫോബിയ അവസാനിപ്പിക്കുക ‘ എന്നിങ്ങിനെയുള്ള പ്ലക്കാർഡുകളുമായി അണിനിരന്ന സമരക്കാർ ബെയ്ത്തുൾ മൊകാരം പള്ളിയ്ക്ക് മുന്നിൽ നിന്നും ധാക്കയില്‍ സ്ഥിതിചെയ്യുന്ന ഫ്രഞ്ച് എംബസിയ്ക്ക് നേരെ മാർച്ച് നടത്തി. എന്നാല്‍ ഈ പ്രതിഷേധം പോലീസ് തടഞ്ഞു. ശരീരത്തില്‍ ചെരുപ്പ് മാല അണിയിച്ച ഇമ്മാനുവൽ മാക്രോണിന്റെ കട്ടൗട്ടും പ്രതിഷേധക്കാര്‍ കരുതിയിരുന്നു.

ഒക്ടോബര്‍ 16നാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത കാരണത്താല്‍ പാരീസിൽ അധ്യാപകന്റെ തല വെട്ടിയത്. പ്രവാചകനായ നബിയെ അപമാനിച്ചുവെന്ന് ആരോപിച്ച് സ്‌കൂളിന് പുറത്തുവച്ചാണ് അക്രമി അധ്യാപകന്റെ തലയറുത്ത് കൊന്നത്. പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു.