ബിജെപി മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു; ആരോപണവുമായി കമല്‍നാഥ്

single-img
27 October 2020

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസിന്റെ സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി കമൽനാഥ്.

നിലവിലെ ഭരണക്ഷിയായ ബിജെപി കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.പക്ഷെ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും ഒരിക്കലും ജനങ്ങളെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു . ‘ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ, അത് എന്തായാലും ബിജെപി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വാഗ്ദാനങ്ങൾ നൽകി ബിജെപി തങ്ങളെ സമീപിച്ചതായി നിരവധി കോൺഗ്രസ് എംഎൽഎമാർ തന്നെ അറിയിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നവംബർ പത്തിന് പ്രഖ്യാപിക്കും.