ഇന്ത്യ വൃത്തികെട്ടതെന്ന് ഡൊണാൾഡ് ട്രമ്പ്; ട്വിറ്ററിൽ “ഹൌഡി മോദി” ഹാഷ്ടാഗ് ട്രെൻഡ് ആകുന്നു

single-img
24 October 2020
Trump filthy india howdy modi twitter

ഇന്ത്യയ്ക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മോശം പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ട്രമ്പിന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ഇന്ത്യ വൃത്തികെട്ടതാണ് (Look at India. It’s filthy) എന്നായിരുന്നു ട്രമ്പിന്റെ(Donald Trump) പരാമർശം.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ എതിർസ്ഥാനാർത്ഥി ജോ ബൈഡനുമായി(Joe Biden) നടത്തിയ സംവാദത്തിനിടെ(presidential debate ) പാരീസ് കാലാവസ്ഥാ വ്യതിയാനത്തിൽ( Paris Climate Accord ) നിന്നും അമേരിക്ക പിന്മാറിയതിനെ ന്യായീകരിക്കുകയായിരുന്നു ഡൊണാൾഡ് ട്രമ്പ്.

“ഇന്ത്യയിലേയ്ക്ക് നോക്കൂ.. അത് വൃത്തികെട്ടതാണ്..വായു മലിനമാണ്” (“Look at India. It’s filthy. The air is filthy”) എന്നായിരുന്നു ട്രമ്പിന്റെ വിവാദപരാമർശം. കാർബൺ എമിഷന്റെ കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും ഏറ്റവും കുറവ് കാർബൺ എമിഷൻ അമേരിക്കയിലാണെന്നും പറഞ്ഞ ട്രമ്പ് ചൈനയിലേയും റഷ്യയിലേയും അമേരിക്കയിലേയും വായു മലിനമാണെന്ന് പറയുകയും ചെയ്തു.

ഇന്ത്യയിൽ കാർബൺ എമിഷൻ(Carbon Emission) വർദ്ധിച്ച് വരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും ഇന്ത്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ അമേരിക്കയ്ക്ക് യാതൊരു അർഹതയുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (International Energy Agency) കണക്ക് പ്രകാരം കാർബൺ ഡയോക്സൈഡ്(CO2) അന്തരീക്ഷത്തിലേയ്ക്ക് വിടുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് അമേരിക്കയുമാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് മാത്രമല്ല അമേരിക്കയിൽ പുറത്തുവിടുന്നതിന്റെ പകുതി അളവ് കാർബൺ ഡയോക്സൈഡ് പോലും ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

അമേരിക്കയുടെ ശത്രുരാജ്യങ്ങളോടൊപ്പമാണ് ട്രമ്പ് ഇന്ത്യയെ പരാമർശിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞമാസം മറ്റൊരു തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ നരേന്ദ്ര മോദി തന്റെ വലിയ സുഹൃത്താണെന്ന് പറഞ്ഞ ട്രമ്പ് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. “മൈ ഫ്രണ്ട്, ഇന്ത്യാ’സ് ഫ്രണ്ട്” എന്നായിരുന്നു ഗുജറാത്തിലെ മോതേര സ്റ്റേഡിയത്തിൽ ട്രമ്പ് പങ്കെടുത്ത “നമസ്തേ ട്രമ്പ്” പരിപാടിയിൽ മോദി ട്രമ്പിനെ വിശേഷിപ്പിച്ചത്.

ഫിൽതി ഇന്ത്യ(#FilthyIndia), ഹൌഡി മോദി(#HowdyModi) എന്നീ ഹാഷ്ടാഗുകളാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. ഇന്ത്യയെ അപമാനിച്ച ട്രമ്പ് സുഹൃത്താണെന്ന് പറഞ്ഞ മോദിയെ ആണ് ഈ ട്വീറ്റുകൾ ഉന്നം വെയ്ക്കുന്നത്. അതോടൊപ്പം ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണവും പോസ്റ്റുകളിൽ ചർച്ചയാകുന്നുണ്ട്.

Content: Donald Trump’s remark ‘filthy India’ sparks row; “Howdy Modi” hashtag trending in Twitter