ആശങ്കയോടെ ലോകം; കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിനിടെ ഒരാൾ മരിച്ചു; എന്നാൽ വാക്‌സിന്‍ പരീക്ഷണം തുടരുന്നു

single-img
22 October 2020

കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിനിടെ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആസ്ട്ര സെനിക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നടത്തിയ നിരവധി വളണ്ടിയര്‍മാരില്‍ ഒരാളാണ് മരണപ്പെട്ടതെന്നാണ് വിവരം. ബ്രസീലിയന്‍ ആരോഗ്യ അതോറിറ്റിയായ അന്‍വിസ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്‍വിസ നടത്തിയ അന്വേഷണത്തിലാണ് മരണത്തെ സംബന്ധിച്ചുളള വിവരങ്ങള്‍ മനസ്സിലാക്കിയത് എന്നും പറയുന്നു.

വളണ്ടിയറുടെ മരണ ശേഷവും വാക്‌സിന്‍ പരീക്ഷണം തുടരുകയാണ് എന്നും അന്‍വിസ വ്യക്തമാക്കി. അതേസമയം കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിലെ വളണ്ടിയറുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ആളുകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറാകാത്തത്.

ഓക്‌സ്‌ഫോര്‍ഡും ആസ്ട്ര സെനിക്കയും ചേര്‍ന്ന തയ്യാറാക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിനായി ബ്രസീലില്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍ ആണ് മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ ആണ് ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

റിയോഡി ജനീറോ സ്വദേശിയായ 28കാരനാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ മരിച്ചത് എന്നാണ് സിഎന്‍എന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത് സംബന്ധിച്ച് ഇതുവരെ സുരക്ഷാ ആശങ്കകള്‍ ഒന്നും ഉയര്‍ന്ന് വന്നിട്ടില്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വ്യക്തമാക്കുന്നത്.

അതേസമയം മരണപ്പെട്ട ആള്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പതിനായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. അതിനായി 8000ത്തോളം വളണ്ടിയര്‍മാരെ ഇതിനകം റിക്രൂട്ട് ചെയ്തിട്ടുണ്ട്