ഹാഥ്രസ് കേസ്: പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസ് വാദം തിരുത്തിയ ഡോക്ടര്‍മാരെ പുറത്താക്കി; അവധി ഒഴിവില്‍ ജോലിയില്‍ കയറിയവരാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍

single-img
21 October 2020

ഹാഥ്രസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ച ജെ.എന്‍ മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ ജോലിയിൽ നിന്ന് നീക്കി. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസ് വാദം തിരുത്തിയ ഡോക്ടറെയും ചികിത്സ സംബന്ധിച്ച രേഖകളില്‍ ഒപ്പുവച്ച ഡോക്ടറെയുമാണ് ചൊവ്വാഴ്ച പുറത്താക്കിയത്.

കേസില്‍ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടി. ഡോ.മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഡോ.ഒബൈദ് ഇംതിയാസ്യുള്‍ ഹഖ് എന്നിവരെയാണ് പുറത്താക്കിയത്.

എന്നാൽ, ആശുപത്രിയിലെ മിക്ക ഡോക്ടര്‍മാരും രോഗബാധിതരായതോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരായിരുന്നു ഈ ഡോക്ടര്‍മാരെന്നും കാലാവധി കഴിഞ്ഞതിനാലാണ് സേവനം അവസാനിപ്പിച്ചതെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു. കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് ജോലിയില്‍ നിന്ന് നീക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചു.

സെപ്തംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആരോഗ്യനില വഷളായതോടെ പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും സെപ്തംബര്‍ 29ന് മരണമടയുകയുമായിരുന്നു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വാദം ഡോ.മാലിക് ആണ് തള്ളിയത്. സെപ്തംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സെപ്തംബര്‍ 22നാണ് പരിശോധിക്കുന്നത്. 25നാണ് സാംപിള്‍ പരിശോധനയ്ക്ക് എടുക്കുന്നത്. സാംപിള്‍ എടുക്കാന്‍ കാലതാമസം നേരിട്ടത് പല തെളിവുകളും ഇല്ലാതാക്കിയെന്നും ഡോ.മാലിക് പറഞ്ഞു.

ഒരാള്‍ ബലാത്സംഗത്തിന് ഇരയായോ എന്ന് ഉറപ്പിക്കണമെങ്കില്‍ സംഭവം നടന്ന് നാലു ദിവസത്തിനുള്ളില്‍ പരിശോധന നടത്തണം. എന്നാല്‍ 11 ദിവസം കഴിഞ്ഞിട്ട് പരിശോധന നടത്തിയാല്‍ ഒരു ഗുണവുമുണ്ടാവില്ല. ഇതുമാത്രമാണ് താന്‍ പറഞ്ഞത്. അല്ലാതെ ഹാഥ്രസ് കേസിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ഡോ.മാലിക് പറയുന്നു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ഡോ.ഹഖ് പറയുന്നു. അലിഗഡ് ആശുപത്രിയില്‍ താന്‍ രണ്ടര മാസമായി ജോലി ചെയ്യുന്നു. കൊവിഡ് ബാധിതരായി പല ഡോക്ടര്‍മാരും അവധിയില്‍ ആയതിനാലാണ് നിരവധി പേര്‍ക്കൊപ്പം തന്നെയും ജോലിക്കെടുത്തത്. ഹാഥ്രസ് കേസില്‍ ഒരു പ്രതികരണവും താന്‍ മാധ്യമങ്ങളില്‍ നടത്തിയിട്ടില്ല. ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഡോ.ഹഖ് പറയുന്നു.

രണ്ട് ഡോക്ടര്‍മാരും സ്ഥിരം ജീവനക്കാര്‍ അല്ലെന്നും അവധി ഒഴിവില്‍ ജോലിയില്‍ കയറിയവരാണെന്നും അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി വക്താവ് പ്രൊഫ. ഷാഫെ കിദ്‌വായി പറഞ്ഞു. അവരുടെ കരാര്‍ അവസാനിച്ചതോടെയാണ് നീക്കിയതെന്നും അദ്ദേഹം പറഞ്ഞു