നിങ്ങൾ ആരോഗ്യമുള്ള ചെറുപ്പക്കാരിൽ ഒരാളാണോ? കോവിഡ് വാക്സിൻ ലഭിക്കാൻ 2022 വരെ കാത്തിരിക്കണണം


ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വാക്സിൻ കണ്ടുപിടിക്കാനുള്ള വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് ആരോഗ്യ മേഖല. കാത്തിരിപ്പിലാണ് ലോകം. എന്നാൽ കോവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായമുള്ളവരിലും ദുർബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നു ഡബ്ല്യൂഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പപറഞ്ഞു.
ഇതിനിടെ ഒരു കാര്യം കൂടി അവർ പറയുന്നുണ്ട്. ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായൊരു വാക്സിൻ വളരെ പെട്ടെന്ന് ലഭിക്കാൻ സാധ്യതയില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. ആളുകൾ ആർജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും സൗമ്യ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിൻ്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും കോവിഡ് വാക്സിൻ ആരംഭിക്കുന്നത്. കൂടുതൽ അപകടസാധ്യതയുള്ളവർക്കാവും ആദ്യം നൽകുക. അവർക്കുശേഷം പ്രായം ചെന്നവർക്കാകും വാക്സിൻ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഉടൻ വാക്സിൻ കണ്ടെത്താനാകും എന്ന കാര്യത്തിൽ പ്രതീക്ഷയില്ലെന്നും സൗമ്യ പറഞ്ഞു.
ലോകത്ത് വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്പനികളുടെ പ്രതീക്ഷ. ഫൈസർ നിര്‍മ്മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷൻ്റെ അനുമതിക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ 182 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകൾ പരീക്ഷണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.