നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ പദ്ധതിക്ക് പ്രതിസന്ധി: 70 ഓളം ശാസ്ത്രജ്ഞര്‍ക്ക് കോവിഡ്

single-img
14 October 2020

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍ വ്യക്തമാക്കി. കോവിഡ് രോഗവ്യാപനമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.  ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളിലെ 70 ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് ബാധിതരായി എന്നും കെ ശിവന്‍ വ്യക്തമാക്കി. 

കോവിഡ് കാരണം ഗഗന്‍യാന്‍ പദ്ധതിയുടെ റോക്കറ്റ്  നിര്‍മാണം മുന്‍ നിശ്ചയിച്ചതു പോലെ  മുന്നോട്ടു  പോകുന്നില്ല. ആസൂത്രണം  ചെയ്ത  പോലെ  പദ്ധതി  മുന്നോട്ടു  കൊണ്ടു  പോകാന്‍  നിലവിലെ  സാഹചര്യത്തില്‍  ബുദ്ധിമുട്ടാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

അതേസമയം കോവിഡ് മഹാമാരി മൂലം സ്തംഭിച്ച റോക്കറ്റ് ലോഞ്ച് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യത്തോടെ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ ശിവന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപദ്ധതി പ്രഖ്യാപിച്ചത്.