കോവിഡിനാൽ എട്ടു മാസമായി പട്ടിണിയിലായ ഒരു സമൂഹത്തെപ്പറ്റി ആവലാതിപെടാൻ പഠിക്കെടോ: ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ അജി ജോൺ


മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ ‘എഎംഎംഎ’ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് നടനും സംഘടന ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന്റെ അഭിമുഖപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. വളരെ തരംതാഴ്ന്ന രീതിയിലാണ് ഇക്കാര്യം ഇടവേള അവതരിപ്പിച്ചത്.
‘മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ’ എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്. ചാനൽ അഭിമുഖത്തിൽ ഇത്തരത്തിലൊരു വിവാദപരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ പ്രതികരിച്ച് എഎംഎംഎ അംഗത്വം രാജവച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇതിനു പിന്നാലെയാണ് സംവിധായകനും നടനുമായ അജിജോൺ ഇടവേളയ്ക്ക് എതിരെ രംഗത്തെത്തിയത്.
നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം കടന്നു വന്ന് ആർക്കൊക്കെയോ വേണ്ടി അതി ദാരുണമായ സംഭാഷണങ്ങൾ അയവറുത്തശേഷം വീണ്ടും ഇടവേളയിലേക്ക് കടക്കുന്ന ഇടവേളക്ക് ഒരായിരം ഇടയത്താഴങ്ങൾ നേരുന്നുവെന്നാണ് അജിജോൺ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. കോവിഡിനാൽ എട്ടു മാസമായി പട്ടിണിയിലായ ഒരു സമൂഹത്തെപ്പറ്റി ആവലാതിപെടാൻ പഠിക്കെണമെന്നുള്ള നിർദ്ദേശവും അജിജോൺ മുന്നോട്ടു വച്ചിട്ടുണ്ട്.
അനുബന്ധമായി കൊല്ലത്തൊരു തിയേറ്ററിൽ കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ തൂങ്ങി മരിച്ചുവെന്നും മഹാന്മാരുടെ അറിവിലേക്ക് ഇക്കാര്യം പറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.